ബാറിൽ നിന്നും 85000 രൂപ മോഷ്ടിച്ച്, പുറത്തിറങ്ങി ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ
പണം മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്ന ദൃശ്യങ്ങൾ ബാറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇടുക്കി: തൊടുപുഴ മുട്ടത്തുള്ള ബാറിൽ നിന്നും 85,000 രൂപ മോഷ്ടിച്ച് മറ്റൊരാളുടെ ബൈക്കിൽ കയറി കടന്നുകളഞ്ഞ യുവാവിനെ കോഴിക്കോട് നിന്നും പിടികൂടി. ബാറിലെ തന്നെ ജീവനക്കാരനായ കൊല്ലം പരവൂർ സ്വദേശി തെങ്ങുവിളതൊടിയിൽ ജയകൃഷണനാണ് പിടിയിലായത്. മുട്ടം ഓയാസിസ് ബാറിൽ നിന്നും 85000 രൂപ മോഷ്ടിച്ചാണ് യുവാവ് മുങ്ങിയത്.
ശനിയാഴ്ച രാത്രി 10.45 മണിയോടെയാണ് മോഷണം നടന്നത്. പണം മോഷ്ടിച്ച ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്ന ദൃശ്യങ്ങൾ ബാറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്ത് നിന്നുമാണ് മുട്ടം പൊലീസ് പ്രതിയെ പിടികൂടിയത്.
ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. മുട്ടം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മോഷ്ടാവ് കയറിയ ബൈക്ക് ഉടമയ്ക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് പൊലിസ് നിഗമനം. സർക്കിൾ ഇൻസ്പെക്ടർ സോൾജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽകുമാർ, അരുൺ കുമാർ, ജബ്ബാർ എൻ.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജുമോൻ പ്രദീപ് എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം