തിങ്കളാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ കണ്ടെത്തിയ ആഭരണങ്ങൾ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല.
മലപ്പുറം: മഞ്ചേരി അരുകിഴായയിൽ അടച്ചിട്ട വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ അതേ വീടിന്റെ പിറകിലെ മാലിന്യം സംഭരിക്കുന്ന സ്ഥലത്ത് കണ്ടെത്തി. നഷ്ടപ്പെട്ട 20 പവൻ ആഭരണങ്ങള്‍ വീട്ടുജോലിക്കാരിയാണ് കണ്ടെത്തിയത്. ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. കെ വി നന്ദകുമാറിന്റെ വേട്ടഞ്ചേരി പറമ്പിൽ 'പ്രഭാത്' വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ സ്വർണാഭരണമാണ് നഷ്ടമായത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ കണ്ടെത്തിയ ആഭരണങ്ങൾ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാൽ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വർണം ഇവിടെ കൊണ്ടിട്ടതെന്നാണ് പൊലീസ് കരുതുന്നത്.
പരിചയസമ്പന്നനായ ആളല്ല മോഷ്ടാവ് എന്ന് സംഭവ ദിവസം തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടുകാർ ജോലിക്ക് പോകുന്ന സമയത്ത് വീടിന്റെ അടുത്ത് തന്നെയുള്ള സ്ഥലത്ത് താക്കോൽ വെക്കുകയായിരുന്നു പതിവ്. പിന്നീട് ജോലിക്കാരിയെത്തി താക്കോൽ എടുത്ത് വീട് വൃത്തിയാക്കും. ജോലിക്കാരി മടങ്ങിയ ശേഷമാണ് മോഷണം നടന്നത്. താക്കോൽ സ്ഥിരമായി വെക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പൊലീസും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരുമെത്തി അന്വേഷണം ശരിയായ ദിശയിലാണെന്ന് കണ്ടതോടെ ഭയന്ന മോഷ്ടാവ് ആഭരണങ്ങൾ വീടിനു പിറകിൽ കൊണ്ടിട്ടതാകുമെന്നാണ് പൊലീസിന്‍റെ നിഗമനം. ഫിംഗർ പ്രിന്റ് പരിശോധനാഫലം വന്നാൽ മാത്രമേ സംഭവത്തിന് പിന്നിൽ ആരാണെന്ന് കൂടുതൽ വ്യക്തത വരൂ. തിരികെ ലഭിച്ച സ്വർണം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
