പൂച്ചാക്കൽ: കാക്കിയിട്ടാല്‍ കർക്കശ നിയമ പാലകൻ, വീട്ടിലെത്തിയാലോ തനികർഷകൻ... അതാണ് അരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ചിറയിൽ പാടം വീട്ടിൽ രമണന്റെയും പുഷ്പയുടെയും മകനായ രഞ്ജിത്ത്. പൊട്ടുവെള്ളരിയാണ് രഞ്ജിത്തിന്റെ പ്രിയപ്പെട്ട കൃഷിയിനം. കടുത്ത വേനലിൽ ദാഹവും ക്ഷീണവും ശമിപ്പിക്കാനുള്ള പ്രകൃതിയുടെ അത്ഭുത കനിയെന്ന വിശേഷണം പൊട്ടുവെള്ളരിക്കുണ്ട്.

എന്നാൽ, ചേർത്തലക്കാർക്ക് ഇതത്ര സുപരിചിതവുമല്ല. പൊട്ടുവെള്ളരി കൊടുങ്ങല്ലൂരാണ് പ്രധാനമായും കൃഷി ചെയ്ത് പോന്നിരുന്നത്. പ്രളയത്തില്‍ കൃഷിയിടങ്ങൾക്ക് ഉൾപ്പെടെ വൻ നാശം ഏറ്റുവാങ്ങിയ പള്ളിപ്പുറം പഞ്ചായത്തിൽ കാർഷിക അഭിവൃദ്ധി തിരികെ കൊണ്ടുവരാനുള്ള പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെ പരിശ്രമങ്ങൾക്ക് കൂട്ടാകുകയാണ് ഈ ചെറുപ്പക്കാരൻ.

വേനലിന്റെ ആരംഭത്തിൽ വെള്ളമൊഴിഞ്ഞ പാടശേഖരങ്ങളിലാണ് പൊട്ടുവെള്ളരി വ്യാപകമായി കൃഷി ചെയ്യുന്നത്. ഒരു കിലോ മുതൽ ആറ് കിലോ വരെ തൂക്കം വരുന്ന വെള്ളരിയാണ് ലഭിക്കുന്നത്. അറുപതിനായിരം രൂപയോളം മുടക്കിയാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യം ഇറക്കിയ കൃഷി മുഴുവനും വേനൽമഴയിൽ നശിച്ചുപോയെങ്കിലും നിരാശനാകാതെ രഞ്ജിത്ത് വീണ്ടും കൃഷി ചെയ്തു. വെള്ളരി കൂടാതെ പയർ, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുന്ന ഈ നിയമപാലകൻ സഹപ്രവർത്തകർക്കും മാതൃകയാണ്. കൃഷിയിൽ സഹായിക്കാൻ ഭാര്യ കൃഷ്ണയും ഒപ്പമുണ്ട്. നാലാം വാർഡിലെ ആത്മ സൗഹൃദയ എഫ് ഐ ജി അംഗമായ രഞ്ജിത്ത് സുഹൃത്തുക്കളുമായി ചേർന്ന് മത്സ്യകൃഷിയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ സീസണിൽ കൃഷിയിലൂടെ മുപ്പതിനായിരത്തോളം രൂപ അധിക വരുമാനം നേടിയ രഞ്ജിത്ത് ജൈവകൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. കർഷക കുടുംബത്തിൽ ജനിച്ച രഞ്ജിത്തിന് കൃഷി ജീവവായു പോലെയാണ്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിൽ കൃഷി നൽക്കുന്ന ശാന്തിയും സമാധാനവും മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് രഞ്ജിത്ത് പറയുന്നു.