പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെയും ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് എന്നിവരുടെയും മറ്റു സ്ഥാനാര്‍ത്ഥികളുടെയും പ്രാചരണ വാഹനങ്ങളില്‍ ഹുസൈന്‍ രാഗത്തിന്റെ അനൗണ്‍സ്മെന്റ് കേള്‍ക്കാന്‍ കഴിയും
ആലപ്പുഴ: തെരഞ്ഞെടുപ്പു ചൂടിന്റെ ആവേശം നാട്ടില്‍ അലയടിക്കുമ്പോള്‍ അനൗണ്‍സ്മന്റ് രംഗത്ത് ശബ്ദതരംഗമാവുകയാണ് ഹുസൈന്‍. മാന്നാര്‍ താഴ്ചയില്‍ വീട്ടില്‍ ഹുസൈന്‍ രാഗത്തിന്റെ ശബ്ദമാണ് മണ്ഡലങ്ങള്‍ മാറി, മുന്നണികള്‍ മാറി രാജവീഥികളെ പുളകച്ചാര്‍ത്തണിയിച്ച് കൊണ്ട് കടന്നു പോവുന്നത്.
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന്റെ തിരക്കിലാണ് ഹുസൈന്‍. എല്ലാ മുന്നണികള്‍ക്കു വേണ്ടിയും ഹുസൈന്‍ രാഗത്തിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെയും ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് എന്നിവരുടെയും മറ്റു സ്ഥാനാര്‍ത്ഥികളുടെയും പ്രാചരണ വാഹനങ്ങളില്‍ ഹുസൈന്‍ രാഗത്തിന്റെ അനൗണ്‍സ്മെന്റ് കേള്‍ക്കാന്‍ കഴിയും.
മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാരംഗത്ത് നിറഞ്ഞ് നിന്നിരുന്ന മുഹമ്മദ് ഹുസൈന്‍ മാന്നാര്‍ മുസ്ലിം പള്ളിക്ക് സമീപം 'രാഗം' എന്നപേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യൂസിക് ഷോപ്പ് നടത്തിയിരുന്നു. അങ്ങനെയാണ് പേരിന്റെ കൂടെ രാഗം എന്നു കൂടി ചേര്‍ക്കപ്പെട്ടത്. മ്യൂസിക് ഷോപ്പില്‍ നിന്ന് ഫാസ്റ്റ് ഫുഡ് രംഗത്തേക്ക് ചുവട് മാറ്റം നടത്തിയപ്പോഴും രാഗം എന്ന പേരിനെ കൈവിട്ടില്ല.
രാഗം ഫാസ്റ്റ് ഫുഡ് എന്ന പേരിലാണ് മാന്നാര്‍ മുസ്ലിം പള്ളിക്ക് സമീപമുള്ള ഹുസൈന്റെ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. ഹുസൈന്‍ രാഗത്തിന്റെ ശബ്ദത്തിന്റെ മാസ്മരികത മാന്നാറിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടുമിക്ക കച്ചവടസ്ഥാപനങ്ങളും അവരുടെ പരസ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
ജാതി മത ഭേദമന്യേ അമ്പലങ്ങളിലും മസ്ജിദുകളിലും ക്രിസ്ത്യന്‍ പള്ളികളിലും നടക്കുന്ന പരിപാടികളുടെ അനൗണ്‍സുമെന്റിനായി ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഹുസൈന്‍ രാഗത്തിനെ തേടി എത്താറുണ്ട്. മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനും മാന്നാര്‍ ജുമാ മസ്ജിദിലെ മതപ്രഭാഷണ പരമ്പരക്കും മാറ്റ് കൂട്ടുന്നത് ഹുസൈന്‍ രാഗത്തിന്റെ അനൗണ്‍സ്‌മെന്റിന്റെ മാസ്മരികതയാണ്.
എഴുതി തയ്യാറാക്കിയ വാചകങ്ങള്‍ പ്രചാരണ വാഹനങ്ങളില്‍ ഇരുന്ന് വിളിച്ച് പറഞ്ഞിരുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ ചെന്നിരുന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ഭംഗിയായി റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെന്ന് ഹുസൈന്‍ പറഞ്ഞു. അതിനാല്‍ സമയ ലാഭവുമുണ്ട്. ഒരു ദിവസം തന്നെ മൂന്നും നാലും അനൗണ്‍സ്‌മെന്റുകള്‍ക്ക് ശബ്ദം നല്‍കുവാനും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
