ഭിന്നശേഷിക്കാര്‍ക്കായി നടന്ന സ്‌പെഷ്യല്‍ ഹോക്കി ടൂര്‍ണമെന്‍റില്‍ ടീം കേരളത്തെ നയിച്ചത് തോട്ടംതൊഴിലാളികളായ രാജ്-ഭാഗ്യമേരി ദമ്പതികളുടെ മകനായ ജെനിത്ത് കുമാറായിരുന്നു

ഇടുക്കി: പരിമിതികള്‍ വരുമ്പോള്‍ തളര്‍ന്ന് പോകുന്നവര്‍ ഈ കഥ വായിക്കണം. ജീവിതം നല്‍കിയ യാതനകളെ ഹോക്കി സ്റ്റിക്ക് കൊണ്ട് പറത്തി വിജയങ്ങള്‍ പിടിച്ചടക്കിയ ജെനിത്തിന്‍റെ കഥ, വിജയത്തിന്‍റെ കഥ. പരിമിതിക്കുള്ളില്‍ പകച്ചുനില്‍ക്കാതെ കേരളത്തെ വിജയത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് മൂന്നാര്‍ ഡെയര്‍ സ്‌കൂളിലെ ജെനിത്ത് കുമാര്‍.

ഭിന്നശേഷിക്കാര്‍ക്കായി നടന്ന സ്‌പെഷ്യല്‍ ഹോക്കി ടൂര്‍ണമെന്‍റില്‍ ടീം കേരളത്തെ നയിച്ചത് തോട്ടംതൊഴിലാളികളായ രാജ്-ഭാഗ്യമേരി ദമ്പതികളുടെ മകനായ ജെനിത്ത് കുമാറായിരുന്നു. നവംമ്പര്‍ 19ന് പഞ്ചാബിലെ പാട്യാലയിലായിരുന്നു മത്സരങ്ങള്‍. 21 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍ തെലങ്കാന, മണിപ്പൂര്‍, ജാര്‍ഖണ്ഡ് എന്നിവരായിരുന്നു.

ഇതില്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം എട്ട് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ടീം ക്യാപ്റ്റന്‍ കൂടിയായ ജെനിത്ത് കുമാര്‍ അന്ന് മൂന്ന് ഗോളുകള്‍ പേരിലെഴുതി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2001ലാണ് ടാറ്റ കമ്പനിയുടെ ഡെയര്‍ സ്‌കൂളില്‍ (സൃഷ്ടി) ജെനിത്ത് എത്തുന്നത്.

കുറവുകള്‍ വകവെയ്ക്കാതെ പഠനത്തോടൊപ്പം തന്റെ കഴിവുകളും വികസിപ്പിച്ചു തുടങ്ങി. 2017ല്‍ തലസ്ഥാനത്ത് നടന്ന 100, 200 മീറ്റര്‍ ഓട്ടം, റിലേ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ജെനിത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാനേജര്‍ സന്ധ്യ വേണുഗോപാല്‍, സ്‌പോട്‌സ് ടീച്ചര്‍ വിജയലക്ഷ്മി എന്നിവര്‍ പ്രത്യേക പരിശീലനവും നല്‍കി.

2015ല്‍ അടിമാലിയില്‍ നടന്ന സ്‌പെഷ്യല്‍ ഹോക്കി ടൂര്‍ണമെന്റില്‍ ജില്ലയിലേക്കും 2018 നവംമ്പറില്‍ കേരള ടീമിലേക്കും ജെനിത്ത് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയ ജെനിത്ത് സ്‌കൂളിലെ അതുല്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

കുട്ടികള്‍ക്കുള്ള ബുക്കുകള്‍, മറ്റ് അനുബന്ധ പണികളാണ് അതുല്യയില്‍ നടക്കുന്നത്. ജെനിത്തിനെ ദേശീയ ടീമില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹോക്കിയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സന്ധ്യ വേണുഗോപാല്‍ പറഞ്ഞു.