വേങ്ങര കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്‌ലോർ മില്ലിലാണ് സംഭവം.മോഷ്ടാവാണെന്നാണ് ആദ്യം നാട്ടുകാർ കരുതിയത്.

മലപ്പുറം: ജീവനക്കാരൻ രാവിലെ പൊടിമില്ല് വാതിൽ തുറന്നപ്പോൾ അകത്ത് കത്തികാട്ടി അജ്ഞാതൻ. ഏറെ നേരത്തെ ഭീതിക്കൊടുവിൽ ഇയാളെ നാട്ടുകാർ കീഴ്‌പ്പെടുത്തി പോലീസിലേൽപിച്ചു. കഴിഞ്ഞ ദിവസം രാവിലെ വേങ്ങര കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്‌ലോർ മില്ലിലാണ് സംഭവം.

മില്ലിലെ ജീവനക്കാരൻ പതിവ് പോലെ മില്ലിന്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് അജ്ഞാതനെ കണ്ടത്. അജ്ഞാതൻ കയ്യിലുള്ള കത്തി വീശി ഭീഷണിപ്പെടുത്തിയതോടെ ഭീതിയിലായി. വിവരമറിഞ്ഞെത്തിയ യുവാക്കൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പോലീസിൽ ഏൽപിച്ചു. മോഷ്ടാവാണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്.

പശ്ചിമ ബംഗാളിലെ ലക്ഷ്മിപൂർ സ്വദേശിയാണ് പിടിയിലായത്. മില്ലിന്റെ മുകൾ വശത്തെ ഗ്രില്ല് വഴിയാണ് അകത്ത് കടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് വേങ്ങര പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് വിട്ടയച്ചു.