Asianet News MalayalamAsianet News Malayalam

വൈക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്, പേവിഷബാധയുണ്ടെന്ന് സംശയം

കുട്ടികളടക്കം പലരും ഓടി മാറി. വീണു പോയവരെ നിലത്തിട്ടു കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ചു വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്.

Stray Dog attack in Vaikom
Author
Kottayam, First Published Jul 22, 2022, 3:48 PM IST

കോട്ടയം : വൈക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. പേവിഷ ബാധയുണ്ടെന്ന് സംശയിക്കുന്ന നായ ആളുകളെ കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീണു ചത്തു. തെരുവു നായ ആക്രമണം നിത്യ സംഭവമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴു മണിയോടെയായിരുന്നു നായയുടെ ആക്രമണം. കുട്ടികളടക്കം പലരും ഓടി മാറി. വീണു പോയവരെ നിലത്തിട്ടു കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ചു വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്.

പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ  വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

വീട്ടുമുറ്റത്ത് കളിക്കവെ തെരുവ് നായ്ക്കള്‍ കടിച്ച് വലിച്ചിഴച്ചു; ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്

 

മലപ്പുറം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കള്‍ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇവ ശല്യമായി നിലനില്‍ക്കുകയാണ്. ആറ് മാസത്തിനകം തെരുവുനായകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ  മുനിസിപ്പാലിറ്റിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ മറുപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ഇതിന് ഒരു നടപടി സ്വീകരിക്കണം എന്നാണ് നാട്ടുക്കാര്‍ പറയുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നാല് പേരെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. കല്ലഴി ക്ഷേത്രത്തിനു  സമീപത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അമ്പലത്തിലെ ജോലിക്കാരി മല്ലിക, പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More : ഇരുപതോളം പേരെ കടിച്ച തെരുവുനായ, നിരീക്ഷണത്തിലിരിക്കെ ചത്തു, പിന്നാലെ പേവിഷബാധ സ്ഥീരികരിച്ചു: ആശങ്ക കനക്കുന്നു

Follow Us:
Download App:
  • android
  • ios