Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ ഓഗസ്റ്റിൽ മാത്രം തെരുവുനായയുടെ കടിയേറ്റവർ 484; എത്തുമെത്താതെ എബിസി സെന്‍റർ നിർമാണം, ഭീതിയിൽ ജനം

ഓഗസ്റ്റ് 31 ന് മാത്രം ജില്ലയിൽ 16 പേരാണ്  നായ കടിയേറ്റ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഓഗസ്റ്റ് മാസം നായയുടെ കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയവരുടെ എണ്ണം 484 ആയി. വളർത്തു നായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.

stray dog attack increase in idukki district no abc center in idukki
Author
First Published Sep 2, 2024, 10:11 PM IST | Last Updated Sep 2, 2024, 10:11 PM IST

തൊടുപുഴ : ഇടുക്കി ജില്ലയിൽ തെരുവുനായ്ക്കളുടെ അക്രമം അനുദിനം പെരുകുമ്പോഴും എങ്ങുമെത്താതെ എബിസി സെന്‍റർ നിർമാണം. എബിസി സെന്‍ററുകൾ ഒന്നുപോലുമില്ലാത്ത ജില്ലയാണ് ഇടുക്കി. മുൻപ് പ്രഖ്യാപിച്ച എബിസി സെന്ററിന്റെ നിർമാണം തുടങ്ങാൻ പോലുമായിട്ടില്ല. ജില്ലാ ആസ്ഥാനത്ത് എബിസി സെന്റർ സ്ഥാപിക്കുന്നതിനു കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും ഇത് എന്നു യാഥാർഥ്യമാകും എന്നതു ചോദ്യചിഹ്നമായി തുടരുകയാണ്. ജില്ലയിൽ തെരുവുനായശല്യം രൂക്ഷമാകുകയും, ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാതെ ഭീതിയിലാണ് ജനം. 

തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിലും അടിമാലി, മൂന്നാർ, കട്ടപ്പന, കുമളി, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഓഗസ്റ്റ് 31 ന് മാത്രം ജില്ലയിൽ 16 പേരാണ്  നായ കടിയേറ്റ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഓഗസ്റ്റ് മാസം നായയുടെ കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയവരുടെ എണ്ണം 484 ആയി. വളർത്തു നായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച അടിമാലി കുരിശുപാറ മേഖലയിൽ പതിനഞ്ചിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. 

കാൽനടയാത്രക്കാരാണു കൂടുതലായും നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്. തെരുവുനായ്‌ക്കൾമൂലം അപകടത്തിൽപെട്ട ഇരുചക്ര വാഹനയാത്രികരും ഏറെ. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി താളം തെറ്റിയതാണ് നായ്ശല്യം രൂക്ഷമാകാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മാംസം അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ ലഭ്യതയും തെരുവുനായ്‌ക്കളുടെ എണ്ണം വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യസംസ്‌കരണം കൃത്യമായി നടന്നാൽ ഒരുപരിധിവരെ നായശല്യം കുറയ്‌ക്കാനാവുമെന്നു അധികൃതർ പറയുന്നു.
 
എബിസി സെന്‍ററിനുള്ള  കെട്ടിടനിർമാണം അടുത്തമാസം ആരംഭിക്കാനുള്ള ഒരുക്കത്തിലാണന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലമാണ് സെന്ററിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെയുള്ള മരങ്ങൾ മുറിച്ചുനീക്കാൻ, ട്രീ കമ്മിറ്റി ചേർന്ന് തീരുമാനം എടുത്തിട്ടുണ്ട്. ഇത് പൂർത്തിയായാൽ ഉടൻതന്നെ കെട്ടിട നിർമാണം ആരംഭിക്കും. നാലു കോടി രൂപയാണ് പദ്ധതിച്ചെലവെന്നും അദ്ദേഹം പറഞ്ഞു.

Read More : ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊതുജനങ്ങൾക്കും സന്ദർശിക്കാം; പ്രവേശനം ഈ ദിവസങ്ങളിൽ, അനുമതി 3 മാസത്തേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios