തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടിയുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം കഴിഞ്ഞ മാസം 27 മുതൽ ചികിത്സയിലായിരുന്നു. 

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് തെരുവുനായ കുറുകെ ചാടി ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നത്.

കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ ആയിരുന്നു. 

സംസ്കാരം ഇന്ന് വൈകുന്നേരം അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മരിയ. മക്കൾ: റിനി, റിതു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. 

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്പും പല വാഹനങ്ങളും സമാന അപകടത്തിൽ പെട്ടിട്ടും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ല. സമീപത്തെ സ്കൂളിന് സമീപം കൂട്ടം കൂടി നിൽക്കുന്ന തെരുവു നായ്ക്കൾ വിദ്യാർഥികൾക്കടക്കം ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു.