ഏങ്ങണ്ടിയൂര്‍ പടിപ്പുരക്കല്‍ ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും മകന്‍ ഗൗതം കൃഷ്ണയെയാണ് നായ് ആക്രമിച്ചത്. കുട്ടിയുടെ കക്ഷത്തിനു താഴെ ആഴത്തില്‍ കടിയേറ്റിട്ടുണ്ട്

തൃശൂര്‍: പാവറട്ടി പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നര വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ഏങ്ങണ്ടിയൂര്‍ പടിപ്പുരക്കല്‍ ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും മകന്‍ ഗൗതം കൃഷ്ണയെയാണ് നായ് ആക്രമിച്ചത്. കുട്ടിയുടെ കക്ഷത്തിനു താഴെ ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത്. വീട്ടുകാർ ബഹളം വച്ചതോടെ കുട്ടിയെ വിട്ട് നായ ഓടി പോവുകയായിരുന്നു. 

മതില്‍ കെട്ട് ചാടി കടന്ന് എത്തിയ നായ കൂട്ടത്തില്‍ ഒരണ്ണമാണ് ഗൗതം കൃഷ്ണയെ ആക്രമിച്ചത്. കുട്ടിയെ വീട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി. ക്ഷേത്ര പരിസരത്ത് നായ ശല്യം രൂക്ഷമാണെന്ന് പരാതി വ്യാപകമാണ്. ഈ മേഖലയിൽ ഭീതിയോടെയാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തുന്നത്. ജീവനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീക്ഷണിയായി ഇരുപതിലധികം നായ്ക്കളാണ് ഇവിടെ അലഞ്ഞു നടക്കുന്നത്. ഏറ്റവുമൊടുവിലത്തെ സംഭവത്തിന് പിന്നാലെ അടിയന്തരമായി തെരുവ് നായ് ശല്യം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുന്‍പ് കോഴിക്കോട് വടകരയില്‍ തെരുവുനായ് ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേര്‍ക്കും നായയുടെ കടിയേറ്റത്. നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞത്. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവരെയും ഒരേ നായ തന്നെയാണ് കടിച്ചത്. 

ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാര്‍ക്കുമാണ് കടിയേറ്റത്. സ്ത്രീയുടെ കൈയിലാണ് പരിക്ക്. മുട്ടിന് താഴെയാണ് ഒരാള്‍ക്ക് കടിയേറ്റത്. മറ്റൊരു യുവാവിന്‍റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനാല്‍ തന്നെ പേയിളകിയ നായയാണെന്നും ഇതിനെ അടിയന്തരമായി പിടികൂടണമെന്നും ഇനിയും ആളുകളെ കടിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം