ഒരു നായയുടെ ദുരവസ്ഥ! തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിമായി നടക്കേണ്ടിവന്നത് ദിവസങ്ങളോളം, ഒടുവിൽ രക്ഷ
അനിമൽ റെസ്ക്യൂ ടീം അംഗം ചാർലി വർഗീസ് സ്ഥലത്ത് എത്തി നായയെ വലയിട്ട് പിടിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്

ഹരിപ്പാട്: ദിവസങ്ങളായി തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ നിലയിൽ കാണപ്പെട്ട തെരുവ് നായക്ക് അനിമൽ റെസ്ക്യൂ ടീം രക്ഷകരായി. ഹരിപ്പാട് മറുതാമുക്കിന് സമീപം ദിവസങ്ങളായി ഈ അവസ്ഥയിൽകണ്ട നായുടെ വിവരം നാട്ടുകാർ ആണ് അനിമൽ റെസ്ക്യൂ ടീം അംഗങ്ങളെ അറിയിച്ചത്. തുടർന്ന് സംഘടനയുടെ സെക്രട്ടറി ചാർലി വർഗീസ് സ്ഥലത്ത് എത്തി നായയെ വലയിട്ട് പിടിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക്ക് കുപ്പി ചാർലി വർഗീസ് പ്ലയർ ഉപയോഗിച്ച് മുറിച്ചു നായയെ രക്ഷപെടുത്തുകയായിരുന്നു. ഹരിപ്പാടും പരിസരത്തും അപകടത്തിൽ പെടുന്നതും, രോഗാവസ്ഥയിലും ഉള്ള നിരവധി തെരുവ് നായ്ക്കൾക്കും അനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ രക്ഷകർ ആയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സമാനമായ മറ്റൊരു വാർത്ത കോഴി ഫാമില്‍ കോഴിയെ പിടിക്കാന്‍ കയറി മരത്തിലെ കുരുക്കില്‍ കുടുങ്ങി കിടന്ന പുള്ളിപ്പുലിക്ക് വനപാലകര്‍ രക്ഷകരായി എന്നതാണ്. മരത്തില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്. നവംബർ 6 ന്, അനിമൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റർ റെസ്‌ക്യു സ്ഥാപകയായ നേഹ പഞ്ചമിയാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയോടൊപ്പം ചേർത്തിരിക്കുന്ന വിശദീകരണം അനുസരിച്ച് ഒരു കോഴി ഫാമിനോട് ചേർന്നുള്ള മരത്തിലാണ് പുലി കുടുങ്ങിപ്പോയത്. മരത്തിൽ തൂങ്ങിക്കിടന്ന കമ്പിക്കെട്ടിനുള്ളിൽ കാലുടക്കിയതോടെ പുള്ളിപുലിയ്ക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. മണിക്കൂറുകളോളം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പുലിക്ക് കാലിലെ കുരുക്ക് ഊരാന്‍ സാധിച്ചില്ല. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്ന് നാസിക് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാസിക് ടീം പുലിയെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിൽ ഉള്ളത്.