മാന്നാർ: മാന്നാറിലെ പരിസരപ്രദേശങ്ങളില്‍ തെരുവ് നായശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തം. രാപ്പകലെന്യേ നായ ശല്യമേറിയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് വഴിയിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അടുത്തിടെ മാന്നാര്‍ കൗമുദി ലേഖകന്‍ മാത്യു സി ജോസഫിന് നായുടെ കടിയേറ്റിരുന്നു. 

ഇദ്ദേഹത്തെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മാന്നാര്‍ സ്റ്റോര്‍ ജങ്ഷന്‍, ആശുപത്രി ജങ്ഷന്‍, പൊലീസ് സ്റ്റേഷന്‍ റോഡ്, കലതിയില്‍ റോഡ്, കോയിക്കല്‍ കൊട്ടാരം റോഡ്, നന്ത്യാട്ട് റോഡ്, പ്രൈവറ്റ് ബസ്റ്റാന്റിന് കിഴക്ക് വശം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായത്. റോഡുകളില്‍ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൂട്ടം ഇരുചക്രവാഹനങ്ങളുടെ പുറകെ ഓടി വാഹന യാത്രക്കാരെ അപകടത്തില്‍പ്പെടുത്തി ആക്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.