അമ്പലപ്പുഴ : സ്‌കൂട്ടറിന് പിന്നിൽ വാനിടിച്ച് വ്യാപാരി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കരയാംവട്ടം വീട്ടിൽ സിദ്ധാർത്ഥൻ - പ്രഭാവതി ദമ്പതികളുടെ മകൻ ഷാജികുമാർ (52) ആണ് മരിച്ചത്. 

ദേശീയ പാതയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തെക്ക് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ആശുപത്രിക്ക് സമീപം വഴിയോരക്കച്ചവടം നടത്തുന്ന ഷാജി, പുലർച്ചെ കടയടച്ച് ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 

വാൻ തട്ടി റോഡിൽ വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. ഷാജി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. കഴുത്തിനു പരിക്കേറ്റ ഭാര്യ മിനി മോളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.