ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത സന്ധ്യ  സ്വന്തമായെഴുതിയ പാട്ടുകളാണ് പാടുന്നതിലധികവും.  ജീവിത പ്രതിസന്ധികളോട് പൊരുതുന്ന സന്ധ്യക്ക് എല്ലാം മറികടക്കാനുള്ള വഴികൂടിയാണ് പാട്ടുകൾ

അതിരമ്പുഴ: വഴിയരികിൽ കക്കയിറച്ചി വിൽക്കുന്നതിനിടയിൽ പാട്ട് എഴുതിയും പാടിയും സംഗിതത്തെ ചേർത്തു പിടിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശി സന്ധ്യ സുരേഷ്. ജീവിത പ്രതിസന്ധികളോട് പൊരുതുന്ന സന്ധ്യക്ക് എല്ലാം മറികടക്കാനുള്ള വഴികൂടിയാണ് പാട്ടുകൾ. സമൂഹ മാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും വൈറലാണ് സന്ധ്യയുടെ പാട്ടുകൾ

ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ മുണ്ടുവേലിപ്പടിയിൽ ദിവസും വൈകുന്നേരം ഒരു കൊട്ട കക്കയിറച്ചിയുമായെത്തും സന്ധ്യ. ഉപജീവനമാർഗം കച്ചവടമാണ്. പക്ഷെ ജീവിതം സംഗീതവും. വഴിയാത്രക്കാർക്കും കക്കയിറച്ചി വാങ്ങാനെത്തുന്നവരെല്ലാം സന്ധ്യയുടെ മധുര സംഗീതം ആസ്വദിക്കും. ശാസ്ത്രീയമായി സന്ധ്യ സംഗീതം പഠിച്ചിട്ടില്ല. ജന്മനാടായ ചേർപ്പുങ്കലിലെ പുല്ലപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ചെറിയ ജോലികൾ ചെയ്യുകയായിരുന്നു നേരത്തെ. അമ്പലത്തിൽ ഇരുന്ന ആളുകൾ പാടുന്നത് കേട്ടാണ് സന്ധ്യയും പാടാൻ തുടങ്ങിയത്. 

കുടുംബത്തിന്റെ ഏകവരുമാന മാർഗം സന്ധ്യയാണ്. കഠിനാധ്വാനത്തിന്റെ ഇടയിലാണ് സന്ധ്യയുടെ പാട്ടും പാട്ടെഴുത്തും. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി കൂടിയാണ് സന്ധ്യ. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിൽ വീട്ടുപണിക്കും പോവുന്നുണ്ട് സന്ധ്യ. ഇതിന് ശേഷമാണ് റോഡ് സൈഡിലെ കക്ക വിൽപ്പന. സ്വന്തമായെഴുതിയ പാട്ടുകളാണ് പാടുന്നതിലധികവും. എഴുതുന്ന പാട്ടുകൾ പത്ത് പേർ അറിയാനുള്ള അതിയായ ആഗ്രഹമാണ് ഇങ്ങനെ പാട്ടുപാടാൻ കാരണമാകുന്നതെന്നാണ് സന്ധ്യ വിശദമാക്കുന്നത്. കുറേ പാട്ടുകൾ എഴുതിയിട്ടുണ്ട്. കുറച്ചെണ്ണത്തിന് ട്യൂൺ നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ സന്ധ്യയുടെ പാട്ടുകളേറ്റെടുത്തു കഴിഞ്ഞു. മലയാളത്തിലെ പിന്നണി ഗായകരെ നേരിട്ട് കാണണമെന്നാണ് സന്ധ്യയുടെ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം