കോഴിക്കോട്:  പാചകവാതകം വീടുകളില്‍ എത്തിക്കുന്ന വിതരണത്തൊഴിലാളികള്‍ അമിതകൂലി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനം. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ അമിതചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. 

പാചകവാതക സിലിണ്ടര്‍ കൃത്യമായി വിതരണം ചെയ്യാതിരിക്കുക, അമിത ചാര്‍ജ് ഈടാക്കല്‍, വീടുകളില്‍ എത്തിച്ചു കൊടുക്കാതിരിക്കുക, അനുവാദമില്ലാതെ ഏജന്‍സി മാറ്റല്‍ തുടങ്ങി നിരവധി പരാതികളാണ് ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് അദാലത്തില്‍ ലഭിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷന് അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്ന തലക്കുളത്തൂര്‍ വില്ലേജിലെ സരസു, മടവൂര്‍ വില്ലേജിലെ മണപ്പാട്ടില്‍ മോളി എന്നിവര്‍ക്ക് രണ്ടാഴ്ച്ചക്കകം കണക്ഷന്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ ലഭിച്ച പത്ത് പരാതികളും പരിഹരിച്ചു.

സുരക്ഷയുമായി ബന്ധപ്പെട്ട് നിയമാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സികള്‍ ചെയ്യേണ്ടതാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ വീടുകളില്‍ പരിശോധന നടത്തണം. കമ്പനികളും പ്രാദേശിക ഏജന്‍സികളും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. പാചകവാതകം നിര്‍ബന്ധമായും വീടുകളില്‍ എത്തിച്ചു നല്‍കണമെന്ന് അദാലത്തില്‍ നിര്‍ദേശിച്ചു. പാചകവാതക കമ്പനികളുടെ പോര്‍ട്ടലുകളില്‍ ക്വിക്ക് പെയ്മെന്റ് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് തുക അടക്കാന്‍ സാധിക്കും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ പി. പ്രമോദ്, ടി.സി സജീവന്‍, എം.കെ ശ്രീജ, വി.പി രാജീവന്‍, എസ്. വിപിന്‍ലാല്‍, സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) ടി.കെ രാജന്‍, വിവിധ പാചകവാതക ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.