കാളമുക്ക് ഹാര്‍ബര്‍: എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പുതുവൈപ്പിലെ കാളമുക്ക് ഫിഷിംഗ് ഹാർബറിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെല്ലാനം, മുനമ്പം എന്നീ ഹാർബറുകൾ അടച്ചതിനെ തുടർന്ന് സമീപ ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിന്നുള്ളവർ ഇവിടെത്തി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. 

എറണാകുളത്തെയും മറ്റു ജില്ലകളിലെയും കണ്ടെയ്ൻമെൻറ് സോണുകളിൽ നിന്നുള്ള യാനങ്ങൾ കാളമുക്ക് ഹാർബറിൽ എത്താൻ പാടില്ല. ഹാർബറിൽ എത്തുന്ന യാനങ്ങൾ തലേ ദിവസം ഫിഷറീസ് വകുപ്പിൽ നിന്നും ഓൺലൈൻ വഴി പാസ്സ് വാങ്ങണം. തൊഴിലാളികളും കച്ചവടക്കാരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. തൊഴിലാളികൾ തിരിച്ചറിയൽ രോഖയുടെ കോപ്പി കൈവശം വയ്ക്കണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയത്.

ഉറവിടം അറിയാത്ത രോഗികളുടെയും സമ്പർക്കത്തിലൂടെയും കൊവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. ഇത് നേരിടാൻ പരിശോധനകളുടെ എണ്ണം ഇന്നു മുതൽ കൂട്ടും. കൊച്ചിയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഒടുവിൽ മുഖ്യമന്ത്രിയും വിശദമാക്കിയിരുന്നു. വരും ദിവസങ്ങളിൽ വിപുലമായ അൻറിജൻ പരിശോധന നടത്താൻ 15000 കിറ്റുകൾ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. കണ്ടെയ്ൻമെൻറ് സോണുകളിൽ 167 പേർക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്. ചെല്ലാനം, മുനമ്പം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. 

മുനമ്പത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തുന്നത് രോഗ ബാധ കൂടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ. ബ്രോഡ് വേ മാർക്കറ്റിൽ നിന്നും ശേഖരിച്ച 132 സാന്പിളുകൾ നെഗറ്റീവായത് ആശ്വാസമായിട്ടുണ്ട്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 21 പേരിൽ 9 പേർക്കും സന്പർക്കം വഴിയാണിത് പകർന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആലുവ മാർക്കറ്റിലെ 35 വയസ്സുള്ള തൊഴിലാളിയും, ആലുവയിലെ 38 വയസ്സുള്ള പത്രപ്രവർത്തകനും രോഗം പിടിപെട്ടവരിലുണ്ട്. 

ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. ജില്ലയിൽ രോഗ ഉറവിടം അവ്യക്തമായ 12 കേസുകളാണ് നിലവിൽ ഉള്ളത്. രോഗ ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നതിനാലാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധനവ് തോന്നുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.