തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ചോര്‍ന്നതിന് ശേഷം ആദ്യമായി ശംഖുമുഖം കടപ്പുറത്ത് ചൂര കൂട്ടമെത്തി. ഒരു മാസത്തിന് ശേഷം കരമടി വലയിലാണ് ചൂര കുടുങ്ങിയത്. ആദ്യം കരമടി വല വിരിച്ചപ്പോള്‍ കുടുങ്ങാതിരുന്ന ചൂരക്കൂട്ടത്തെ രണ്ടാമത്തെ തവണ വല വിരിച്ചപ്പോഴാണ് വലയിലാക്കാന്‍ കഴിഞ്ഞതെന്ന് അജിത്ത് ശംഖുമുഖം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. അജിത് ശംഖുമുഖം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കരമടിയുടെ വീഡിയോ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

കഴിഞ്ഞ ഫെബ്രുവരി ഒമ്പതാം തിയതി രാത്രിയാണ് വേളി കടപ്പുറത്ത് ഫര്‍ണസ് ഓയില്‍ ചോര്‍ന്നത്. ഏതാണ്ട് നാല് കിലോമീറ്ററോളം കടലില്‍ ഫര്‍ണസ് ഓയില്‍ കലര്‍ന്നിരുന്നു. തുടര്‍ന്ന് ഫാക്ടറിയില്‍ നിന്ന് കടലിലേക്ക് മലിന ജലം ഒഴുക്കാനായി നിര്‍മ്മിച്ച കാനല്‍ നാട്ടുകാര്‍ അടച്ചു. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് തീരത്തുണ്ടായ നഷ്ടം നികത്താമെന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയുടെ ഉറപ്പിനെ തുടര്‍ന്നാണ് മലിന ജലമൊഴുകുന്ന കനാല്‍ തുറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മീനും ആമകളും ചത്ത് പൊങ്ങിയിരുന്നു. ഫര്‍ണസ് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് കടലില്‍ മത്സബന്ധനത്തിന് പോയവരുടെ വലകളില്‍ എണ്ണ പറ്റിപ്പിടിച്ച് മത്സ്യബന്ധനം പോലും ദുസഹമായതായി തിരുവനന്തപുരം തീരത്ത് നിന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫര്‍ണസ് ഓയില്‍ ചോര്‍ന്നതിന് ശേഷം ആദ്യമായാണ് ശംഖുമുഖത്ത് ചൂര അടിയുന്നത്. 

ഇന്നലെ ചൂര അടിഞ്ഞതിന് പിന്നാലെ ഇന്ന് ശംഖുമുഖം കടപ്പുറത്ത് കടലേറ്റം രൂക്ഷമായി. ശംഖുമുഖം കടപ്പുറത്തെ കടല്‍പ്പാലത്തിന് സമീപം ഇന്ന് രാവിലെ മുതല്‍ അതിശക്തമായ കടലേറ്റമാണ്. ശക്തമായ കടലേറ്റത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ നേരത്തെ ഈ ഭാഗത്ത് തകര്‍ന്ന് വീണിരുന്നു. കൊച്ച്തോപ്പു മുതല്‍ ശംഖുമുഖം വരെയുള്ള പത്തോളം ഇടവക പ്രതിനിധികള്‍ തീരശോഷണം തടഞ്ഞ് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടികളാകാത്തതിനെ തുടര്‍ന്ന് ഇന്നലെ കൊച്ചുവേളി, വലിയതുറ, ശംഖുമുഖം പ്രദേശത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. 

(ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ശംഖുമുഖം കടല്‍ പാലത്തിന് സമീപം ശക്തമായ തീരയടിക്കുന്നു.)