കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോടഞ്ചേരി മുറമ്പാത്തി ഇടമുറിയില്‍ അഷ്റഫിന്റെ മകന്‍ ശാഹുല്‍ മുഹമ്മദ് (15) ആണ് മരിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ട് ജുമാമസ്ജിദിനു മുന്‍വശത്തായിരുന്നു അപകടം. 

സ്‌കൂള്‍ അവധിക്ക് മാതാവ് റംലയുടെ വീട്ടിലെത്തിയ ശാഹുല്‍ മുഹമ്മദ് പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഹുല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശാമില്‍, ശഹന.