നെടുങ്കണ്ടത്ത് സിനിമ കാണാൻ പോയ ശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അനൂപ് ഉൾപ്പടെ മൂന്ന് കുട്ടികൾ തൂവല്‍ അരുവി കാണാന്‍ പോയത്.

ഇടുക്കി: അരുവിയിൽ കുളിയ്ക്കാനിറങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. പച്ചടി കുരിശുപാറ താന്നിക്കല്‍ ബെന്നിയുടെ മകന്‍ അനൂപാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുങ്കണ്ടം തൂവല്‍ അരുവിക്കുഴിയിലാണ് അപകടം. 

നെടുങ്കണ്ടത്ത് സിനിമ കാണാൻ പോയ ശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അനൂപ് ഉൾപ്പടെ മൂന്ന് കുട്ടികൾ തൂവല്‍ അരുവി കാണാന്‍ പോയത്. അരുവിയുടെ മുകള്‍ ഭാഗത്ത് വാഹനം നിര്‍ത്തിയ ശേഷം മൂന്നംഗ സംഘം വെള്ളം ഉള്ള അരുവിക്കുഴി ഭാഗത്തേയ്ക്ക് പോയി. തിരികെ പോകുന്നതിന് മുന്‍പായി കുളിയ്ക്കാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. പായല്‍ നിറഞ്ഞ മിനുസമുള്ള പാറയില്‍ തെന്നി കുട്ടികള്‍ വെള്ളത്തിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. രണ്ട് പേരെ തൂവല്‍ സന്ദര്‍ശിയ്ക്കാനെത്തിയ യുവാക്കള്‍ രക്ഷിച്ചു.

എന്നാൽ നിറയെ അള്ളുകള്‍ നിറഞ്ഞ അരുവിക്കുഴിയില്‍ അനൂപ് മുങ്ങി പോവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുമണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പച്ചടി നിവാസികളായ പുത്തന്‍പുരയില്‍ അരുണ്‍ റോയി, പ്ലാംതോട്ടത്തില്‍ ആല്‍ബിന്‍ അനില്‍ എന്നിവരാണ് അനൂപിനൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അനൂപ്. മാതാവ് മോളി, അമലു ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.