കോവളത്ത് വിദ്യാർഥി ജീവനൊടുക്കി, കുട്ടിക്കാലം മുതൽ ഒപ്പമുണ്ടായിരുന്നതിൻ്റെ ഹൃദയ വേദന താങ്ങാനാകാതെ അമ്മാവനും
സഞ്ജയിന്റെ മാതാവും പിതാവും തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടിക്കാലം മുതൽ സഞ്ജയ് രതീഷിന്റെ സംരക്ഷണയിൽ ആണ് കഴിഞ്ഞിരുന്നത്

തിരുവനന്തപുരം: വീട്ടുകാരോട് പിണങ്ങിയ വിദ്യാർത്ഥി തൂങ്ങി മരിച്ചതിൽ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു. കോവളം പാച്ചല്ലൂർ വിനോദ് ഭവനിൽ സരിതയുടെ മകൻ സഞ്ജയ് സന്തോഷ് (കണ്ണൻ ) എന്ന 14 കാരനും കുട്ടിയുടെ മാതാവിന്റെ സഹോദരൻ പാച്ചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷ് (36) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ജയ് വീടിനുള്ളിൽ മുറിയിൽ കെട്ടിത്തൂങ്ങിയത്. ഷോളിൽ തൂങ്ങിയ കുട്ടിയ വീട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം തിരിച്ചെത്തിയ രതീഷ് അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാത്രിയോടെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രതീഷിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി വീട്ടിൽ എത്തിച്ചു. രാത്രിയിൽ സുഹൃത്തുക്കളുടെ സംരക്ഷണയിലായിരുന്ന രതീഷ് ഇവരുടെ കണ്ണുവെട്ടിച്ച് വീടിന്റെ രണ്ടാം നിലയിൽ കയറി തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.
സഞ്ജയിന്റെ മാതാവും പിതാവും തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടിക്കാലം മുതൽ സഞ്ജയ് രതീഷിന്റെ സംരക്ഷണയിൽ ആണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അപ്രതീക്ഷിതമായ വേർപാട് താങ്ങാനാവാതെയാണ് രതീഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം നാട്ടുകാരുടെയും വീട്ടുകാരുടെയും അന്തിമോപചാരത്തിന് ശേഷം പാച്ചല്ലൂർ മോക്ഷ കവാടത്തിൽ സംസ്കരിച്ചു. വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്. അവിവാഹിതനായ രതീഷ് കൂലിത്തൊഴിലാളിയാണ്. കോവളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)