മങ്കൊമ്പ്: പഠിക്കാതിരുന്നതിന് മുത്തശ്ശി വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടിറങ്ങിപ്പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പിൽചേരി വീട്ടിൽ ജീവന്റെ മകൻ ജീവൻ ഗിരീഷ്(15) ആണ്. മരിച്ചത്.

ഇന്നലെ രാത്രി ഒൻപതോടെ കാവാലം ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടത്. സംഭവത്തെപ്പറ്റി പൊലീസും, നാട്ടുകാരും പറയുന്നതിങ്ങനെ. ടെക്‌നിക്കൽ സ്‌കൂളിൽ പഠിക്കുന്ന ജീവൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്.

ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധി ദിവസമായ ഇന്നലെ പകൽസയങ്ങളിൽ കളിക്കുവാനായി പോയ ജീവൻ വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥിയെ പഠിക്കാത്തതിന്റെ പേരിൽ മുത്തശ്ശി തങ്കച്ചി വഴക്കു പറഞ്ഞു.

ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽ നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതിനെത്തുടർന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടർന്ന് പകൽ മുഴുവൻ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

സ്‌കൂളിനടുത്തു വച്ചു ജീവനെ കണ്ടെന്ന നാട്ടുകാർ പറഞ്ഞതനുസരിച്ച രാത്രി ഒൻപതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേൽക്കൂരയുടെ ഇരുമ്പു പൈപ്പിൽ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങിയ നിലയിൽ ജീവനെ കണ്ടെത്തിയത്.