കോഴിക്കോട് : സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്‍റെയും ശ്യാമളയുടെയും മകൾ ഹർഷിദ (17) യാണ് മരിച്ചത്. കളൻ തോട് എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ ഹർഷിദ കഴിഞ്ഞ ശനിയാഴ്ചയാണ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. 

ഇരുകാലുകൾക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹർഷിദ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് മരണം സംഭവിച്ചത്. സ്കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്ന ഹർഷിദ ഡെങ്കിപ്പനി ബാധിച്ച് 15 ദിവസത്തോളം ചികിത്സയിലായിരുന്നു. 

പിന്നീട് സ്കൂളിലെത്തിയ കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ഭയമായിരിക്കാം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ കാരണമായതെന്നാണ് കരുതുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.