കൊല്ലം: മരണവീട്ടിലേക്ക് റീത്തുമായി വന്ന വിദ്യാര്‍ത്ഥി റോഡപകടത്തില്‍ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ് കുമാറിന്‍റെ മകനായ യദുകൃഷ്ണനാണ് മരിച്ചത്. 

പോളിടെക്നിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ യദു ഒഴിവ് സമയത്ത് പൂക്കടയില്‍ സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകന്‍ പതിമൂന്ന് വയസ്സുകാരനായ അജസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് അപകടം. ശിവഗിരി പാങ്ങോട് സംസ്ഥാനപാതയില്‍ വച്ചാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന സ്കൂട്ടര്‍ ഇടറോഡിലേക്ക് തിരിയുന്നത് കണ്ട് ബ്രേക്ക് ചെയ്ത യദുവിന്‍റെ ബൈക്കിന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. 

ബൈക്ക് നിയന്ത്രണം നഷ്ടമായി  സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.