ഫെവിക്കോൾ എസ് ആർ 998 എന്ന പശയാണ് ലഹരിക്കായി ഇവര്‍ ഉപയോഗിച്ചിരുന്നത്. നേരിട്ട് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ അപകടകരമാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.
ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ലഹരി പശയുമായി നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഇ എം എസ് സ്റ്റേഡിയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പിടിയിലായവര്‍.
ഇ എം എസ് സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികള്‍ രാത്രികാലങ്ങളില്‍ ലഹരി ഉപയോഗത്തിനായി എത്തുന്നതായി രഹസ്യ നിരീക്ഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിലാണ് ഇവരെ പിടികൂടിയത്. ഫെവിക്കോൾ എസ് ആർ 998 എന്ന പശയാണ് ലഹരിക്കായി ഇവര്‍ ഉപയോഗിച്ചിരുന്നത്. നേരിട്ട് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ അപകടകരമാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.
പശയില്‍ അടങ്ങിയിരിക്കുന്ന ടൊളുവിന്‍ എന്ന രാസവസ്തുവാണ് ലഹരി നല്‍കുന്നുത്. ഒറ്റ ഉപയോഗത്തില്‍ 5 മണിക്കൂര്‍ വരെ പശയുടെ ലഹരി നില്‍ക്കാറുണ്ട്. ഹ്യദയം, കരള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളെ നേരിട്ട് ബാധിച്ച് ഈ ലഹരി ഉപയോഗിക്കുന്ന സമയത്ത് തന്നെ മരണം സംഭവിക്കാറുമുണ്ട്. ചേര്‍ത്തല ഭാഗത്ത് കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ഇത്തരം ലഹരി ഉപയോഗിച്ച് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു.
