പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.
തൃശൂര്‍: കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്.
രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടുകൂടി സംഘടിച്ചെത്തിയ എസ്.എഫ്.ഐക്കാര്‍ നാടക റിഹേഴ്‌സല്‍ നടത്തിയിരുന്നവരെ ആക്രമിക്കുകയായിരുന്നെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു.
അതേസമയം പരുക്കേറ്റവര്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ പി.ടി.എ. യോഗം ചേര്‍ന്നെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് കോളജ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം എറണാകുളം മഹാരാജ് കോളേജും സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മര്‍ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
