ഇടുക്കി: സ്കൂളിന് സമീപത്തുകൂടി ഒഴിക്കി വിടുന്ന കക്കൂസ് മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കാരണം പഠിക്കാന്‍ വയ്യെന്ന വിദ്യാര്‍ത്ഥികളുടെ പരാതിക്ക് സബ് കലക്ടര്‍ നേരിട്ടെത്തി പരിഹാരം കണ്ടു. പഴയ മൂന്നാർ ആഗ്ലോ തമിഴ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സബ് കലക്ടറെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചത്. ഇതോടെ സ്കൂളില്‍ നേരിട്ടെത്തിയ ദേവികുളം സബ്‍ കലക്ടര്‍ പ്രേംകുമാര്‍  മാലിന്യം ഒഴിക്കിയവർക്കെതിരെ നടപടി സ്വീകരിച്ചു. 

സമീപത്തെ റിസോർട്ടുകളിൽ നിന്ന് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യത്തിന്‍റെ ദുര്‍ഗന്ധം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു കുട്ടികളുടെ പരാതി. നിമിഷനേരത്തിനുള്ളിൽ സ്ഥലത്തെത്തിയ ദേവികുളം സബ് കളക്ടർ പ്രേംകുമാർ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറെ വിളിച്ചുവരുത്തി സ്വകാര്യ റിസോർട്ടിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

കെട്ടിടത്തിൽ മാലിന്യം നിർമ്മാർജനം ചെയ്യുന്നതിനുള്ള സൗകര്യമുണ്ടോയെന്ന് പരിശോധിക്കാൻ  മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിനോടും പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ധരായ തോട്ടം തൊഴിലാളികളുടെ  നൂറുകണക്കിന് കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവർ പലപ്പോഴും സ്കൂൾ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നതില്‍ പരാതി നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല. 

രണ്ട് ദിവസം മുമ്പ് കുട്ടികൾ സബ് കളക്ടറെ നേരിൽ കണ്ട് പരാതി നൽകിയെങ്കിലും മാലിന്യം കണ്ടെത്തിയില്ല. വെള്ളിയാഴ്ച സ്കൂളിന്റെ പരസരത്തുള്ള ഓടയിൽ മാലിന്യം എത്തിയതോടെയാണ് കുട്ടികൾ സബ് കളക്ടറെ വിവരമറിയിച്ചത്.