തൃശ്ശൂർ: കാൻസർ രോഗികളെ സാമ്പത്തികമായി സഹായിക്കാൻ ഭക്ഷ്യ മേളയൊരുക്കി ഒരു കൂട്ടം വിദ്യാർഥികൾ. തൃശ്ശൂർ അണ്ടത്തോട് തക്വ ഹൈസ്കൂൾ വിദ്യാർഥികളാണ് കാൻസർ രോഗികളെ സഹായിക്കുന്നതിനായി വ്യത്യസ്ത രീതിയിൽ ധന ശേഖരണം നടത്തുന്നത്.

ദോശ, സമൂസ, കട്ടലെറ്റ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ഫുൾ ജാർ സോഡ തുടങ്ങി ബിരിയാണി വരെ ഒരുക്കിയാണ് കുട്ടികളുടെ ഭക്ഷ്യമേള. ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം കുട്ടികൾ തന്നെയാണ്. രക്ഷിതാക്കളും അധ്യാപകരും പൂർണ പിന്തുണ നൽകിയതോടെ മേള വലിയ വിജയമായിരിക്കുകയാണ്. 

പ്രദേശവാസികളെയും സമീപത്തെ സ്കൂളുകളെയും വിദ്യാർഥികൾ ഭക്ഷ്യ മേളക്ക് ക്ഷണിച്ചിരുന്നു. കാൻസർ രോഗികൾക്ക് കൈതാങ്ങാവാൻ തങ്ങൾക്ക് സന്തോഷം മത്രമേയുള്ളുവെന്ന് നാട്ടുകാരും മറ്റ് സ്കൂൾ അധികൃതരും സ്കൂളുകളിലെ വിദ്യാർഥികളും പറഞ്ഞു. കാൻസർ രോഗികളെ സഹായിക്കാൻ മാസത്തിൽ ഒരിക്കൽ ഭക്ഷ്യ മേള സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് സകൂൾ പ്രിൻസിപ്പാൾ പിപി രാജേഷ് പറഞ്ഞു.