ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടില്‍ കായലില്‍ കുളിക്കാനിറങ്ങിയ അയൽവാസികളായ വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ് മാലിശേരിൽ ശിവജിയുടെ മകൻ കാർത്തിക് (അമ്പാടി-14), പുതുവലിൽ ശിവൻകുഞ്ഞിന്റെ മകൻ നിരഞ്ജൻ (ഒൻപത്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീടിന് സമീത്തെ വടക്കായലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. 

ആദ്യം വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയപ്പോൾ വീട്ടുകാർ വിലക്കി തിരികെ കയറ്റിയിരുന്നു. പിന്നീട് 10.30 ഓടെ ഇവരെ വീണ്ടും കാണാതാകുകയും  തുടർന്ന് വീട്ടുകാരും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ 11.30 ഓടെ നിരഞ്ജന്റെ മൃതദേഹവും ഒരു മണിക്കൂറിന് ശേഷം കാർത്തിക്കിന്റെ മൃതദേഹവും കണ്ടെത്തി. വെള്ളക്കെട്ടിലൂടെ നടന്നപ്പോൾ മണ്ണെടുക്കാനായി ഡ്രെഡ്ജ് ചെയ്ത ഭാഗത്ത് താഴ്ന്ന് പോയതാകാമെന്ന് കരുതുന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി. 

കായംകുളത്തുനിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുമ്പ് തന്നെ മൃതദേഹം മത്സ്യതൊഴിലാളികൾ കരയ്ക്കെത്തിച്ചു. മൃതദേഹങ്ങൾ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്ക്കാരം നടത്തി.. ഇരുവരും വലിയഴീക്കൽ ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ്. കാർത്തിക് ഒൻപതാം ക്ളാസ് വിദ്യാർത്ഥിയും, നിരഞ്ജൻ നാലാം ക്ളാസ് വിദ്യാർത്ഥിയുമാണ്.