തൃശ്ശൂർ: പ്രളയത്തിൽ നനഞ്ഞ രേഖകൾ നന്നാക്കിയെടുക്കാൻ സഹായ ഹസ്തവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികളാണ് സഹായവുമായി രം​ഗത്തെത്തിയിരിക്കുന്നത്. മലയാളം വിഭാഗത്തിന് കീഴിലുള്ള മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ ലാബിലാണ് രേഖകൾ നന്നാക്കി നൽകുന്നത്. തീർത്തും സൗജന്യമാണ് സേവനം.

കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞതും ചിതലരിച്ചതുമായ ആധാരങ്ങൾ, താളിയോലകൾ, പ്രളയത്തിൽ നനഞ്ഞ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ പൂർവാധികം ഭംഗിയോടെ ഈ വിദ്യാർത്ഥികൾ തിരിച്ചേൽപിക്കും. കഴിഞ്ഞ വർഷമാണ് കോളേജിൽ പ്രിസർവേഷൻ സെന്റർ തുടങ്ങിയത്. ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവരുടെ സേവനത്തിനായി വിളിക്കുന്നത്.

ആവശ്യമെങ്കിൽ രേഖകളുടെ ഡിജിറ്റൽ കോപ്പിയും നൽകും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ലാബിൽ സേവനം ലഭ്യമാകും.

"