സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്
ആലപ്പുഴ: നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴയിലാണ് അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ആലപ്പുഴ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാർത്ഥികൾ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് സ്റ്റേഷനിലെത്താനാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് വിദ്യാർത്ഥിനികൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഘർഷം. അര മണിക്കൂറോളം സംഘർഷം ഉണ്ടായി. നാട്ടുകാരും പൊലീസും വന്ന ശേഷമാണ് കുട്ടികളെ പിരിച്ചുവിട്ടത്. പിന്നാലെയാണ് സംഭവത്തിന് കാരണക്കാരായ പത്ത് വിദ്യാർത്ഥികളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്.

