മാനന്തവാടി താലൂക്ക് ഉള്‍പ്പെടുന്ന വടക്കേ വയനാട്ടില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 13 പേരാണ് മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് ഭൂരിഭാഗം പേരും ആത്മഹത്യ തെരഞ്ഞെടുത്തത്.
കല്‍പ്പറ്റ: മാനന്തവാടി താലൂക്ക് ഉള്‍പ്പെടുന്ന വടക്കേ വയനാട്ടില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 13 പേരാണ് മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് ഭൂരിഭാഗം പേരും ആത്മഹത്യ തെരഞ്ഞെടുത്തത്.
ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് തലപ്പുഴ, മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ്. ഈ മാസം മൂന്നാം തീയ്യതി മാത്രം മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ അമ്പലക്കൊല്ലി, മുട്ടാണി സനൂപിന്റെ ഭാര്യ മെറീന ഹെന്‍ട്രി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചതാണ് ഇതില്‍ ആദ്യത്തേത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു സംഭവത്തിന് പിന്നിലെന്ന് മെറീനയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതേ ദിവസം പെരുവകയില്‍ ഒരു പുരുഷനും തോണിച്ചാലില്‍ ഒരു സ്ത്രീയും തൂങ്ങി മരിച്ചു.
നാലാം തീയതി വെള്ളമുണ്ട കട്ടയാട് സ്വദേശിയായ സ്വര്‍ണ്ണപ്പണിക്കാരന്‍ നെല്ലിയാട്ട് കുന്നുമ്മല്‍ പ്രവീഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണൂര്‍ പറശിനിക്കടവ് പുഴയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ആറാം തിയതി തവിഞ്ഞാല്‍ തിടങ്ങഴിയില്‍ ഒരു കുടുംബം തന്നെ മരണവഴിയെ പോയത് ജില്ലയിലാകെ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും വീടിനടുത്തുള്ള പറമ്പിലെ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നു. തിടങ്ങഴി തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കളായ അനുശ്രീ, അഭിനവ് എന്നിവര്‍ മരിച്ചത് അപവാദ പ്രചാരാണത്തെ തുടര്‍ന്നാണെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ഈ സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തു.
എട്ടാം തീയ്യതി മാനന്തവാടി ചൂട്ടക്കടവില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം മൈല്‍ കാരാട്ട് കുന്നിലെ പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമാണ് മരിച്ചത്. പനമരത്തെ മാനേജ്‌മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായ നിസാം ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കുടുംബം പറയുന്നത്. ഈ സംഭവത്തില്‍ പനമരം പോലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഒമ്പതാം തീയ്യതി മാനന്തവാടിയിലെ ലോട്ടറി വില്‍പ്പനക്കാരനും ക്ലബ്ബ് കുന്നില്‍ വാടകവീട്ടില്‍ താമസക്കാരനുമായ മനോജ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. വെറും രണ്ട് ദിവസത്തെ ഇടവേള മാത്രം. കഴിഞ്ഞ വെള്ളിയാഴ്ച ഒറ്റ ദിവസം രണ്ട് ആത്മഹത്യയാണ് മാനന്തവാടിയില്‍ നടന്നത്. കമ്മന പൂളയ്ക്കല്‍ കോപ്പി എന്നയാള്‍ രാവിലെ വീടിനടുത്ത് തന്നെ കാപ്പിത്തോട്ടത്തില്‍ തൂങ്ങി മരിച്ചു. ഇദ്ദേഹം ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.
ക്ലബ്ബ് കുന്നിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത മനോജിന്റെ ഭാര്യാ സഹോദരി ആരാധനയും വെള്ളിയാഴ്ച രാത്രി ക്ലബ്ബ് കുന്നിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ചു. ഇന്ന് രാവിലെ വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഏറ്റവും അവസാനത്തേത്. എള്ളുമന്ദം കാക്കഞ്ചേരി കുറ്റിത്തോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (89) ആണ് മരിച്ചത്. രാവിലെ വീടിന് സമീപത്തെ കിണറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
ഇതോടെ ഒക്ടോബറില്‍ 14 ദിവസത്തിനുള്ളില്‍ വടക്കേ വയനാട്ടില്‍ മാത്രം 13 പേര്‍ മരിച്ചു. തിടങ്ങഴിയിലെ കൂട്ട ആത്മഹത്യയുടെ അഞ്ച് ദിവസം മുമ്പ് സെപ്തംബര്‍ 30 ന് തിടങ്ങഴിയില്‍ തന്നെ ദേവകീ മന്ദിരത്തില്‍ രാജന്‍ എന്നയാള്‍ തൂങ്ങി മരിച്ചിരുന്നു. അതേ സമയം ആത്മഹത്യകള്‍ വര്‍ധിക്കുന്നത് അധികൃതര്‍ ആരും കാര്യമായെടുത്തിട്ടില്ല. സാധാരണ സംഭവം എന്ന തരത്തിലാണ് അധികൃതര്‍ ഇക്കാര്യങ്ങളെ കാണുന്നത്. വെള്ളമുണ്ടയില്‍ വിഷം കലര്‍ത്തിയ മദ്യം കഴിച്ച് അച്ഛനും മകനും ബന്ധുവും മരിച്ചതിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ജില്ലയുടെ മറ്റിടങ്ങളിലും ഇത്തരത്തില്‍ ദുര്‍മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
