പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തിൽ  മരണത്തെ പുൽകുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. 

ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്ന ആസിയയാണ് ഇന്നലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇംഗ്ലീഷിൽ സ്വന്തം കൈപ്പടയിൽ ആസിയ എഴുതിയ കുറിപ്പാണ് കണ്ടെടുത്തിരിക്കുന്നത്.

'വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ' എന്നാണ് ആസിയ കുറിച്ചിട്ടുള്ളത്. ഡയറിയിലാണ് എഴുതിവെച്ചിരിക്കുന്നത്. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തിൽ മരണത്തെ പുൽകുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. നേരത്തെ ആസിയ ഫേസ്ബുക്കിൽ സ്റ്റാറ്റസിൽ കുറിപ്പിട്ടത് പൊലീസ് കണ്ടെത്തിയിരുന്നു. 

4 മാസം മുൻപായിരുന്നു ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറുമായി കായംകുളം സ്വദേശിനി ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ഏതാനും മാസം മുൻപ് പിതാവ് മരിച്ച ആസിയ വലിയ മനോവിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാത്രി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ജനലിൽ ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തത്.

കയർ കെട്ട് അഴിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ആസിയ തന്നെ ആണോ സാമൂഹിക മാധ്യമത്തിൽ സ്റ്റാറ്റസ് ഇട്ടതെന്നും പോലിസ് പരിശോധിച്ചിരുന്നു. ആസിയയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്യുകയായിരുന്ന ആസിയ. ആഴ്ചയിൽ ഒരിക്കൽ ആണ് ആലപ്പുഴയിലെ ഭർത്താവ് മുനീറിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. 

Asianet News LIVE | Cinema Scandal | AMMA | Malayalam Film | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്