കഞ്ഞിക്കുഴിയിലെ യുവ കർഷകൻ സുജിത്ത് പതിനായിരത്തോളം പൂച്ചെടികളും പച്ചക്കറികളും ഉപയോഗിച്ച് കൂറ്റൻ പൂക്കളം ഒരുക്കി.
കഞ്ഞിക്കുഴി: പതിനായിരത്തോളം പൂച്ചെടികളും പച്ചക്കറികളും ഉപയോഗിച്ച് കൂറ്റന്‍ പൂക്കളമൊരുക്കി കഞ്ഞിക്കുഴി സ്വദേശിയായ യുവ കര്‍ഷകന്‍ സുജിത്ത്. സ്വാഭാവികമായി പൂക്കൾ ചെടിയിൽ നിറുത്തിയാണ് സുജിത്ത് പൂക്കളം തീർത്തിരിക്കുന്നത്. ആഹാരത്തിനും അലങ്കാരത്തിനും വരുമാനത്തിനും ഒരു പൂന്തോട്ടമെന്നതാണ് സുജിത്തിന്റെ പൂക്കളത്തിന്റെ പ്രത്യേകത.
സ്വന്തം ഭാവനയിലുദിച്ച അത്തപൂന്തോട്ടമാണ് സുജിത്ത് തീർത്തിരിക്കുന്നത്. ആറുസെന്റ് സ്ഥലത്താണ് ഇതിനായി ഉപയോഗിച്ചത്. 18 തരം നിറത്തിലുള്ള ചെടികളാണ് നട്ടിരിക്കുന്നത്. പച്ചയ്ക്കും ചുവപ്പിനും പച്ചമുളകും ചീരയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടാതെ വിവിധ നിറങ്ങളിലുള്ള ബന്ദി, ജമന്തി, വാടമല്ലി എന്നിവയും വളർത്തിയിട്ടുണ്ട്.
കഞ്ഞിക്കുഴി തോണ്ടാകുളങ്ങര ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സുജിത്തിന്റെ കൃഷി. 15 കളങ്ങളിലായാണ് ചെടികൾ നട്ടിരിക്കുന്നത്. പൂക്കളത്തിന് അകത്ത് കയറാനും ചിത്രമെടുക്കാനും സാധിക്കും. 30 സെന്റീമീറ്റർ അകലത്തിലാണ് ചെടികളുടെ വിന്യാസം. 40 സെന്റീമീറ്റർ വീതിയിലാണ് വാരമെടുത്തിരിക്കുന്നത്. പരമ്പരാഗത രീതിയിൽ പൂർണമായും ജൈവവളമാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്നുമാസം മുമ്പാണ് ചെടികൾ നട്ടത്. രണ്ടാഴ്ചമുമ്പ് അത്തപൂക്കളം പൂത്തുതുടങ്ങി.
പൂക്കളത്തിന്റെ ഭംഗി നഷ്ടപ്പെടാതെയാണ് പൂക്കൾ വിൽക്കുന്നത്. അത്തപൂക്കളം കാണാൻ ധാരാളം പേർ വരുന്നുണ്ട്. ഫോട്ടോഷൂട്ടിന് വരുന്നവർക്ക് മാത്രം പണം നൽകിയാണ് പ്രവേശനം. എല്ലാത്തവണയും കൃഷിയിൽ പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുന്ന കർഷകനാണ് സുജിത്ത്. കഴിഞ്ഞ വർഷം ഒഴുകുന്ന പൂക്കളമായിരുന്നു തീർത്തത്. പൂകൃഷി കൂടാതെ കഞ്ഞിക്കുഴി, ചേർത്തല, ചേർത്തല തെക്ക്, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിലായി 20 ഏക്കറിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. നാല് സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും സുജിത്തിന് ലഭിച്ചിട്ടുണ്ട്.
