ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യമല്ല, ഒരു പേരിൽ ഒരുപാടുണ്ട് എന്ന ഉത്തരമാണ് സത്യം.

സുൽത്താൻ ബത്തേരി: വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ പേരുമാറ്റുമെന്ന് പറഞ്ഞ, ടിപ്പു സൽത്താൻ്റെ ആയുധപ്പുരയായിരുന്ന നാട് ഇന്ന് മറ്റു പലതുമാണ്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന മേൽവിലാസമാണ്, അതിലേറ്റവും സവിശേഷമായത്.

ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യമല്ല, ഒരു പേരിൽ ഒരുപാടുണ്ട് എന്ന ഉത്തരമാണ് സത്യം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാകണം, സ്ഥലപ്പേരുമാറ്റം ചർച്ചയായത്. അത് ബത്തേരിയായത് ടിപ്പുവിന്‍റെ പേരിനോടുള്ള ഭയം കൊണ്ടെന്ന് നാട്ടുകാർ. ടിപ്പു സുൽത്താൻ എന്ന പേരിനെ ബ്രിട്ടീഷുകാർക്ക് പണ്ട് ഭയമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

വിവാദം പൊരിവെയിലത്ത് നിൽക്കുമ്പോൾ ബത്തേരിക്ക് വൃത്തിയുടെ സന്തോഷത്തിന്‍റെ തണലുണ്ട്. ക്ലീൻ സിറ്റിയും ഫ്ലവർ സിറ്റിയുമാണ് സുൽത്താൻ ബത്തേരിയെന്ന് നഗരസഭ ചെയർമാൻ ടി കെ രമേശ് പറഞ്ഞു. എല്ലാവരും സഹകരണത്തോടെ കഴിയുന്ന നാട്ടിൽ ഭിന്നിപ്പുണ്ടാക്കാനാണ് സുരേന്ദ്രന്‍റെ പ്രസ്താവനയെന്ന് ടി കെ രമേശ് പറഞ്ഞു. 

ചപ്പുചവറുകളോ പ്ലാസ്റ്റിക്കോ നിരത്തിലില്ല. പൊതുയിടത്തിൽ തുപ്പിയാൽ പിഴയുണ്ട്. അങ്ങനെയൊരു സുന്ദര നഗരത്തിന് വിവാദം ചാർത്താൻ നോക്കിയാൽ സ്ഥാനാർത്ഥിയുടെ ആളുകള്‍ പോലും സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരു വോട്ടിനായി എന്തും പറയരുതെന്നും ബത്തേരിക്കാർ പറയുന്നു. 

'ഇത് കേരളമാണ്, നടപ്പാകാൻ പോകുന്നില്ല, ചരിത്രം ചികഞ്ഞുപോയാൽ ഗണപതിവട്ടത്തിലും നിൽക്കില്ല'; പ്രതികരണങ്ങൾ

വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം താമരശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചു.

ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി? അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

YouTube video player