പാലക്കാട്: വേനൽ കടുത്തതോടെ ഒരിറ്റ് കുടിവെളളത്തിനായി കുഴികുത്തി വെളളം കണ്ടെത്തേണ്ട അവസ്ഥയിലാണ് മലമ്പുഴയിലെ ആദിവാസി കോളനി നിവാസികൾ. പാലക്കാടിന്‍റെ ദാഹംതീർക്കുന്ന മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തുള്ളവരാണ് കുഴി കുത്തി വെള്ളം കണ്ടെത്തേണ്ട ഗതികേടിലെത്തിയിരിക്കുന്നത്.

ഊരിലേക്ക് കുടിവെളളമെത്തിക്കാൻ ടാങ്കുണ്ടെങ്കിലും വെളളം എത്തിയിട്ട് വർഷങ്ങളായി. ഇത്തവണ നേരെത്തെ വേനലെത്തിയതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ കൊല്ലംകുന്ന്, മേട്ടുപ്പതി തുടങ്ങിയ ആദിവാസി ഊരുകളിലുള്ളവർ ഒരു തുളളി വെളളത്തിനായി നെട്ടോട്ടമോടുകയാണ്. 

മലമ്പുഴയിലേക്ക് വെളളമെത്തുന്ന കൈത്തോടുകളോട് ചേർന്ന് കുഴികുത്തി ഊറി വരുന്ന വെളളമാണ് ഇവിടെയുള്ളവർ  കുടിക്കാനുപയോഗിക്കുന്നത്. കന്നുകാലികളുൾപ്പെടെയുളളവ കലക്കി മറിച്ച വെളളം തെളിയുന്നതും ഏറെ നേരം കാത്തിരിക്കണം. കടുത്ത ചൂട് വകവയ്ക്കാതെ ഒരു കുടം വെളളത്തിനായി കൊച്ചുകുട്ടികൾ പോലും വെയിലത്തിറങ്ങുന്ന  കാഴ്ച ഇവിടങ്ങളിൽ പതിവാണ്.

ഊരിലേക്ക് ടാങ്കറിൽ വെളളമെത്തിച്ച് സംഭരിക്കാൻ വർഷങ്ങൾക്ക് മുമ്പേ ടാങ്ക് സ്ഥാപിച്ചിരുന്നു. എന്നാൽ നടത്തിപ്പിന് പണമില്ലെന്ന പേരിൽ മലമ്പുഴ പഞ്ചായത്ത് ഇത് ഉപേക്ഷിച്ചതോടെ നൂറിലേറെ പേരുടെ വെളളംകുടി മുട്ടുകയായിരുന്നു.