Asianet News MalayalamAsianet News Malayalam

കാത്തുകാത്തിരുന്ന് വേനൽമഴ പെയ്തപ്പോൾ വയനാട്ടിൽ കൃഷിനാശം, മീനങ്ങാടിയില്‍ വീടുകൾ തകർന്നു

പാട്ടത്തിനെടുത്ത ഭൂമിയിൽ പൊരിവെയിലത്ത് നനച്ചുണ്ടാക്കിയ വാഴകൾ വീണു. മൂവായിരത്തോളം വാഴകളാണ് പോയത്

summer rain crops and houses destroyed in wayanad
Author
First Published Apr 22, 2024, 1:10 PM IST

വയനാട്: കാത്തുകാത്തിരുന്നു വേനൽമഴ എത്തിയപ്പോൾ, വയനാട്ടിൽ കൃഷിനാശം. പലയിടത്തും ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണു. മീനങ്ങാടിയില്‍ നിരവധി വീടുകളുടെ മേൽക്കൂരകള്‍ തകർന്നു. മരങ്ങള്‍ വീണതോടെയാണ് വീടുകള്‍ തകർന്നത്. വെള്ളമിറങ്ങി  വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുമുണ്ടായി. 

കൽപ്പറ്റ കാപ്പുംകൊല്ലി സ്വദേശി ജോൺസന്‍റെ വാഴകൃഷി കഴിഞ്ഞ ദിവസത്തെ കാറ്റിൽ ആടിയുലഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിൽ പൊരിവെയിലത്ത് നനച്ചുണ്ടാക്കിയ വാഴകൾ വീണതോടെ, പ്രതീക്ഷകൾ നഷ്ടത്തിലായി. മൂവായിരത്തോളം വാഴകളാണ് പോയത്. ജില്ലയിലെ പലഭാഗത്തും സമാന നാശമുണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് കണക്കുകൾ ശേഖരിക്കുകയാണ്.

വേനല്‍ മഴയും കാറ്റും; മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം, നാല് വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലുണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ തെങ്ങും പനയുമെല്ലാം പൊട്ടിവീണാണ് അപകടമുണ്ടായത്. നാല് വീടുകള്‍ക്കു മുകളിലാണ് തെങ്ങ് പൊട്ടിവീണത്.

കൂട്ടാലിട മുക്കുന്നുമ്മേല്‍ ഒതേനന്റെ വീടിന് മുകളില്‍ പന പൊട്ടി വീഴുകയായിരുന്നു. ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വലയിരുത്തല്‍. കൂടത്തില്‍ ഗംഗാധരന്‍ നായരുടെ വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടി വീണു. കൂട്ടാലിടയിലും സമീപ പ്രദേശങ്ങളിലും മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ കുളപ്പുറത്ത് മീത്തല്‍ ബാലന്‍ നായരുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി. പാറക്കലില്‍ അരിക്കോത്ത്കണ്ടി മീത്തല്‍ അഷ്‌റഫിന്റെ വീട് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വീടിന്റെ അടുക്കള ഭാഗത്തുള്ള ഓടും മേല്‍ക്കൂരയും ചുമരും തകര്‍ന്നു. കോണ്‍ക്രീറ്റ് സ്ലാബിനും വിള്ളലുണ്ടായി. കാവില്‍ മാപ്പറ്റതാഴെ ഭാഗത്തേക്കുള്ള രണ്ട് വൈദ്യുതി പോസ്റ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios