നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് യുവാവിന് ദാരുണന്ത്യം
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സല എന്നിവരുടെ വീടിന്റെ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം. രാവിലെ വാര്‍ക്കയുടെ പലക പറിക്കുന്നതിനിടെ സണ്‍ഷെയ്ഡ് ഇളകി സ്വപന്‍ റോയിക്ക് മേല്‍ വീഴുകയായിരുന്നു. ദിവസങ്ങളായി ഇദ്ദേഹം ഈ വിട്ടിലാണ് ജോലിയെടുക്കുന്നത്. മുകളിലിരുന്ന് ജോലി ചെയ്യുന്നതിനിടെ താഴേക്ക് പതിച്ച യുവാവിന്റെ വയറിന് മുകളിലേക്ക് സണ്‍ഷെയ്ഡും ഇളകി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ സ്വപനെ ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read more: പനമരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, 65-കാരൻ പിടിയിൽ
അതേസമയം, തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൃശൂര്‍ എളവള്ളിയില്‍ മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകട്ടായിരുന്നു ദാരുണമായ സംഭവം അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പില്‍ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അതിനിടയില്‍ മരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറത്തേക്ക് പോയിരുന്ന കാളിക്കുട്ടിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററകലെയാണ് സംഭവം. നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. അപകടത്തില്‍ കാളിക്കുട്ടിയുടെ തോളെല്ലുകള്‍ പൊട്ടി. കാലില്‍ തുടയുടെ ഭാഗത്തും തലയിലും മുറിവ് പറ്റി. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെയാണ് മരണം സംഭവിച്ചത്.
