എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് വ്യത്യസ്തമായ ഐക്യദാർഢ്യം. രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് ഇവര്‍ അയച്ചു നൽകി.

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ. വനിതകൾ വിരലിൽ നിന്ന് രക്തംപൊടിച്ച് തിലകം ചാർത്തി. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് വ്യത്യസ്തമായ ഐക്യദാർഢ്യം. രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളി നടേശന് ഇവര്‍ അയച്ചു നൽകി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ചും പ്രതിഷേധമുണ്ടായി. വെള്ളാപ്പള്ളി നടേശനെതിരായ പരാമർശങ്ങളെ തുടർന്നാണ് സമരപരിപാടികൾ സംഘടിപ്പിച്ചത്.

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. യൂത്ത് മൂവ്മെൻ്റ് കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിൻ്റെ കോലത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഹാരിസിന്റെ കോലവും കത്തിച്ചു. വെള്ളാപ്പള്ളി നടേശൻ്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് ഹാരിസ് മുതൂർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളില്‍ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വിമര്‍സനങ്ഹളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.