Asianet News MalayalamAsianet News Malayalam

ഇടമലക്കുടിക്ക് സമഗ്ര വികസനം; മേല്‍നോട്ടത്തിന് സുപ്രീം കോടതി

ഇടമലക്കുടിയിലെ ആദിവാസി ജനതയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹരിലേയ്ക്ക് എത്തിച്ചേരുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ അതുറപ്പാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിയ്ക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കുകയും ചെയ്യും. 

Supreme court Supervise edamalakkudi development
Author
Idukki, First Published Feb 21, 2019, 11:40 PM IST

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തലില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള വന്‍ സംഘം ഇടമലക്കുടി സന്ദര്‍ശിക്കും. 

22 ന് ഇടമലക്കുടിയില്‍ സന്ദര്‍ശിക്കുന്ന സംഘം മൂന്ന് ദിനങ്ങള്‍ ഇടമലക്കുടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും സംഘത്തിനോടൊപ്പമുണ്ടാകും. പഞ്ചായത്ത്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ജനമൈത്രി പൊലീസ്, വനം, എക്‌സൈസ്, സാമൂഹ്യനീതി, ട്രൈബല്‍, സിവില്‍ സപ്ലൈസ് തുടങ്ങിയവയോടൊപ്പം അക്ഷയ, ചൈല്‍ഡ് കേന്ദ്രങ്ങളില്‍ നിന്നുള്ളവരും ഇടമലക്കുടി സന്ദര്‍ശിക്കും. ഇടമലക്കുടിയില്‍ വികസനത്തിന് തിരിച്ചടിയാകുന്ന തരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് നിയമപരമായുള്ള അന്വേഷണവും നടത്തും. 

ഇടമലക്കുടിയിലെ ആദിവാസി ജനതയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹരിലേയ്ക്ക് എത്തിച്ചേരുന്നുണ്ടോയെന്നും ഇല്ലെങ്കില്‍ അതുറപ്പാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിയ്ക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കുകയും ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ ഇടമലക്കുടിയില്‍ ഭാവിയില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ജനപ്രതിനിധികളും ആദിവാസി മുപ്പന്മാരുമായി ചര്‍ച്ച ചെയ്ത് സമഗ്ര വികസന രേഖയാക്കി മാറ്റും. 

ഇതിനുള്ള നടപടികളായിരിക്കും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സ്വീകരിക്കുക. 24 കുടികളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് കുടി വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കും. ഇവര്‍ക്ക് നിയമസേവന കേന്ദ്രങ്ങള്‍ ലീഗല്‍ ക്ലിനിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇടമലക്കുടിയുടെ വികസനത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 1.5 കോടി രൂപ ശരിയായി വിനിയോഗിക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിക്കും. നൂറു ശതമാനം ആദിവാസികള്‍ താമസിക്കുകയും സംസ്ഥാനത്തെ ആദ്യഗോത്രവര്‍ഗ്ഗ പഞ്ചായത്തുമായ ഇടമലക്കുടിയിലെ പഞ്ചായത്ത് ഓഫീസ് കാര്യങ്ങള്‍ ദേവികുളത്താണ്. അത് രജിസ്‌ട്രേഷന്‍ പോലെയുള്ള കാര്യങ്ങള്‍ക്ക് തടസ്സമാകുന്ന സാഹചര്യത്തില്‍ ജനനമരണ രജിസ്‌ട്രേഷന്‍ അവിടെ വച്ചു തന്നെ നടത്തും. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായി സാധ്യതകള്‍ ആരാഞ്ഞിട്ടുണ്ട്. ആശയവിനിമയം അല്പം പോലുമില്ലാത്ത് ദുര്‍ഘടമേഖലയായ ഇവിടെ ഫോണ്‍ സൗകര്യം പോലുള്ളവ ഏര്‍പ്പെടുത്തുന്നതിന് ഭാരിച്ച തുക കണ്ടെത്തേണ്ടതുണ്ട്. യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സബ് കോടതി ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയുമായ ദിനേശന്‍ എം പിള്ള ദേവികുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് സി ഉബൈദുള്ള, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ അനന്യാസ് തുടങ്ങിയവര്‍ സംഘത്തിന് നേതൃത്വം നല്‍കും.

Follow Us:
Download App:
  • android
  • ios