Asianet News MalayalamAsianet News Malayalam

അന്ന് പ്രളയമൊഴുകിയ ചെറുതോണി പാലം കടന്നു; ഇന്ന് താരമായ് 'തക്കുടു'


പാലത്തിനിക്കരെ വന്നപ്പോള്‍ തന്നെ പൊലീസ് പറഞ്ഞത് 'അക്കരെയ്ക്ക് വിടാന്‍ പറ്റില്ലെന്നാണ്. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അറിയിക്കുകയും അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്നും ഓട്ടോയില്‍ കയറിയ ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച.

Suraj Survived  Idukki Flood
Author
Idukki, First Published Jul 20, 2019, 3:56 PM IST

ഇടുക്കി:ഇത് തക്കുടുവെന്ന നാലു വയസുകാരന്‍ സൂരജ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ചെല്ലക്കുട്ടിയായ കുസൃതിക്കുരുന്ന്. അവന്‍ പോലുമറിയാതെ പ്രളയാതിജീവനത്തിന്‍റെ നേര്‍കാഴ്ചയായവന്‍. 

കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞു കവിഞ്ഞ ഇടുക്കി ഡാം തുറന്ന് വിടേണ്ടി വന്നപ്പോള്‍ ചെറുതോണി പാലം മുട്ടി വെള്ളം കുതിച്ചൊഴുകി. ചെറുതോണി പാലത്തിലൂടെയുള്ള വെള്ളപ്പാച്ചില്‍ ക്യാമറകളില്‍ പകര്‍ത്താന്‍ സമീപത്തെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ മാധ്യമ പ്രതിനിധികള്‍ ഇടം പിടിച്ചിരുന്നു. പിറ്റേന്നത്തെ മാധ്യമ വാര്‍ത്തകള്‍ ഏറെ പ്രാധാന്യത്തോടെ നല്കിയ ദൃശ്യമായിരുന്നു കുതിച്ചെത്തുന്ന വെള്ളത്തിന് മുന്നേ ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രോഗബാധിതനായ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിക്കാന്‍  ഓടുന്നത്. 

കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്‍റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിലെ ആ കൊച്ചുകുഞ്ഞാണ് തക്കുടു. ചെറുതോണി ഇടുക്കി കോളനിയില്‍ കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജിന്‍റെയും മഞ്ജുവിന്‍റെയും ഏക മകനാണ് സൂരജ്.  ഇടുക്കി ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടശേഷം ആഗസ്റ്റ് 10 ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്ന് വയസുള്ള മകനെയാണ്. 

അതിശക്തമായ മഴ വകവയ്ക്കാതെ എങ്ങനെയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മകനെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി. പാലത്തിനിക്കരെ വന്നപ്പോള്‍ തന്നെ പൊലീസ് പറഞ്ഞത് 'അക്കരെയ്ക്ക് വിടാന്‍ പറ്റില്ലെന്നാണ്. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അറിയിക്കുകയും അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്നും ഓട്ടോയില്‍ കയറിയ ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ പാലത്തിന് മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച.  ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാകുന്നു, വിജയരാജ് പറഞ്ഞു നിര്‍ത്തി.

Suraj Survived  Idukki Flood

കൈയ്യില്‍ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സാഹചര്യത്തില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് കയ്യില്‍ വച്ചോളൂവെന്ന് പറഞ്ഞ് നല്കിയ പൊലീസ് ഉദ്യോഗസ്ഥനെയും വിജയരാജ് സ്നേഹത്തോടെ ഓര്‍ക്കുന്നു. ജില്ലാ ആശുപത്രിയില്‍ കാഷ്വാലിറ്റിയിലെത്തിച്ച തക്കുടുവിന് മരുന്ന് നല്കി അസുഖം കുറഞ്ഞ ശേഷം തിരികെയെത്തിയപ്പോള്‍ ചെറുതോണി പാലം വെള്ളത്താല്‍ മൂടിയിരുന്നു. 

സമീപമുള്ള പല വഴികളും വെള്ളം കയറിയും മണ്ണിടിഞ്ഞും ബ്ലോക്കായിരുന്നു. പിന്നീട് കരിമ്പന്‍ പാലം വഴി ബന്ധുവിന്‍റെ ബൈക്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വീട്ടില്‍ തിരികെയെത്തിയത്. തക്കുടുവിന്‍റെ കുസൃതിച്ചിരി കാണുമ്പോഴെല്ലാം അന്നവനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച സേനാംഗത്തേയും സഹായം നല്കിയ പൊലീസുദ്യോഗസ്ഥനെയും ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം തോന്നാറുണ്ടെന്നും വിജയരാജ് പറഞ്ഞു. 

വിജയരാജിന്‍റെ മാതാപിതാക്കള്‍ തങ്കരാജിനും നേശമ്മയ്ക്കുമൊപ്പമാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ഇടുക്കിയിലെ പ്രളയ തീവ്രത ലോകത്തെ അറിയിച്ചതില്‍ താനും പങ്കുവഹിച്ച കാര്യമൊന്നും അറിയില്ലെങ്കിലും  തന്നെ കാണാനെത്തുന്നവരെ  തക്കുടു കളി ചിരിയുമായി വരവേല്‍ക്കുന്നു. ഇടുക്കി ന്യൂമാന്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് സൂരജ്.

Follow Us:
Download App:
  • android
  • ios