ആലപ്പുഴ - അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്
25 വർഷക്കാലത്തോളം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച അമ്പലപ്പുഴ കട്ടക്കുഴി വണ്ടകംവീട്ടിൽ ജി സുരേഷ് ഇനി മുതൽ അഭിഭാഷകനായി കോടതികളിൽ എത്തി തുടങ്ങും
അമ്പലപ്പുഴ: നീണ്ട 25 വർഷക്കാലത്തോളം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച അമ്പലപ്പുഴ കട്ടക്കുഴി വണ്ടകംവീട്ടിൽ ജി സുരേഷ് ഇനി മുതൽ അഭിഭാഷകനായി കോടതികളിൽ എത്തി തുടങ്ങും. ഈ ജൂൺ 1 ന് കേരള ബാർ കൗൺസിൽ നടത്തിയ എൻറോൾമെന്റ് ചടങ്ങിൽ ജി സുരേഷ് അഭിഭാഷകനായി സന്നത് എടുത്തു. ആലപ്പുഴ - അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്.
ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും 1986-1989 ൽ ബിരുദപഠനം പൂർത്തിയാക്കിയ സുരേഷ് 10 വർഷക്കാലത്തോളം സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്നു. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജി രാമകൃഷ്ണന്റെ കൂടെ ക്ലാർക്കായി പ്രവർത്തനം തുടങ്ങി. പിന്നീട് അമ്പലപ്പുഴയിൽ 25 വർഷം ക്ലാർക്കായി സേവനം അനുഷ്‌ഠിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷന്റെ അമ്പലപ്പുഴ യൂണിറ്റിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ജി സുരേഷിനെ അമ്പലപ്പുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ 5 ന് ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ചടങ്ങിൽ എച്ച് സലാം എം എൽ എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭബാലൻ, എന്നിവർ പങ്കെടുക്കും.


