വളാഞ്ചേരി നഗരസഭയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. മാലിന്യമുക്ത വളാഞ്ചേരി എന്ന കാമ്പയിനിന്റെ ഭാഗമായി 23 ക്യാമറകളാണ് വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്.

മലപ്പുറം: പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനം തെളിവോടെ ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ റെഡിയാണ്. വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വിടുകളില്‍ എത്തി ഹരിത കര്‍മസേന മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ പൊതു സ്ഥലങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നത് പതിവാണ്. അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയും വലിച്ചെറിയുന്നത് തെരുവ് നായ്കളുടെ വര്‍ധനവിനും കാരണമാവുന്നു.

Add Asianetnews as a Preferred SourcegooglePreferred

നഗരസഭ 2024 25ല്‍ ഉള്‍പ്പെടുത്തി മാലിന്യമുക്ത വളാഞ്ചേരി എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കൊട്ടാരം കോതേതോട് സമീപ പ്രദേശങ്ങള്‍, ഓണിയില്‍ പാലം, വൈക്കത്തൂര്‍ കൊളമംഗലം കോ തേതോട്, കാവുംപുറം, നഗരസഭഎം.സി.എഫ്, നഗരസഭ ലൈബ്രറി, ഷോപ്പിംഭ് കോംപ്ലക്‌സ്, കറ്റട്ടിക്കുളം, പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുമായി ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ നഗരസഭ 2023-24 നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.