15 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന റോപ് വേ ബിഒടി അടിസ്ഥാനത്തിലാണ് നിർമ്മിക്കുക. റോപ് വേ വരുന്നതോടെ ചരക്ക് നീക്കത്തിന് ട്രാക്ടറുകൾ ഒഴിവാക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങളിൽ ഒന്ന്

ശബരിമല: ശബരിമല-പമ്പ റോപ് വേക്കായി അലൈൻമെന്‍റ് നിശ്ചയിക്കാനായുള്ള ജോയിന്‍റ് സർവേ തുടങ്ങി. പമ്പ ഹിൽടോപ്പിൽ നിന്ന് മാളികപ്പുറം വരെയുള്ള ചരക്കു നീക്കത്തിനായി റോപ് വേ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 15 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന റോപ് വേ ബിഒടി അടിസ്ഥാനത്തിലാണ് നിർമ്മിക്കുക.

ശബരിമല മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് ചരക്ക് നീക്കത്തിന് റോപ് വേ നിർമ്മിക്കാൻ തീരുമാനിച്ചത്. 3 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേ യുടെ നിർമ്മാണ ചുമതല കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 18 സ്റ്റെപ്പ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ്. 12 മീറ്റർ വീതിയിൽ തൂണുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള അലൈൻമെന്‍റ് തയ്യാറാക്കുന്നതിനാണ് സർവ്വേ. ഇതോടനുബന്ധിച്ച് വനം, റവന്യൂ, തുടങ്ങി വിവിധ വകുപ്പുകളും റോപ് വേ നിർമ്മാണ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗം പമ്പയിൽ നടന്നു. മണ്ണു പരിശോധനയുൾപ്പെടെയുള്ള നടപടികൾ ഉടൻപൂർത്തിയാക്കും. മുറിച്ച് മാറ്റേണ്ട മരങ്ങളുടെ കണക്ക് വനംവകുപ്പ് തയ്യാറാക്കും. റോപ് വേ വരുന്നതോടെ ചരക്ക് നീക്കത്തിന് ട്രാക്ടറുകൾ ഒഴിവാക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന ഗുണങ്ങളിൽ ഒന്ന്