33 വയസ്സ് വരെ ജീവിതത്തിൽ എല്ലാം സാധാരണമായിരുന്നു. പക്ഷേ ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞു
പാലക്കാട്: 17 വർഷം മുൻപ് അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ തുടർന്ന് ശരീരം പാതി തളർന്നു. ജീവിതത്തിന്റെ താളം പിഴച്ചു. നെറ്റിപ്പട്ട നിർമ്മാണത്തിലൂടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കുകയാണ് പാലക്കാട് ചിറ്റൂർ സ്വദേശി സെൽവൻ. കിടന്ന കിടപ്പിലാണ് സെൽവന്റെ നെറ്റിപ്പട്ട നിർമ്മാണം.
ചെത്തുതൊഴിലാളിയായിരുന്നു സെൽവൻ. 33 വയസ്സ് വരെ ജീവിതത്തിൽ എല്ലാം സാധാരണമായിരുന്നു. പക്ഷേ ഒരു നിമിഷം പിഴച്ചു. തെങ്ങില്‍ നിന്ന് വീണു. വീഴ്ചയിൽ നട്ടെല്ലിനാണ് ക്ഷതം ഏറ്റത്. അരക്ക് താഴോട്ട് തളർന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ ഒന്നിൽ നിന്നും ഒളിച്ചോടിയില്ല. നേരിട്ടു.
"ഭാര്യ, മകൻ, അച്ഛന്‍, അമ്മ- അവരെയൊക്കെ നോക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലല്ലോ"- സെൽവന്‍ പറയുന്നു. ഭാര്യയെ തുന്നൽ ജോലികളിൽ മെല്ലെ സെല്‍വൻ സഹായിച്ചു തുടങ്ങി. പിന്നീട് പേപ്പർ പേന നിർമ്മാണത്തിലേക്ക് കടന്നു. ആ പേനകൾ വാങ്ങിയ തൃശ്ശൂർ പാറമേക്കാവ് ദേവസ്വത്തിലെ ഉദ്യോഗസ്ഥനാണ് നെറ്റിപ്പട്ട നിർമ്മാണത്തിലേക്ക് സെൽവന് വഴി വെട്ടിയത്. ഇന്നീ കട്ടിലിൽ കിടന്നു സെൽവൻ തീർക്കുന്ന നെറ്റിപ്പട്ടങ്ങളാണ് ഈ കുടുംബത്തിന്റെ വരുമാനം.

