Asianet News MalayalamAsianet News Malayalam

കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം, സിസിടിവിയടക്കം ഡാമിലെറിഞ്ഞു; പക്ഷേ പൊലീസ് പ്രതിയെ പൊക്കി

കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടിയത്

Suspect arrested in Kallar Sri Subramaniaswamy temple theft idukki news asd
Author
First Published Oct 28, 2023, 7:23 PM IST

ഇടുക്കി: കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പ്രതി അറസ്റ്റില്‍. പീരുമേട് സെക്കന്റ് ഡിവിഷന്‍ കോഴിക്കാനം എസ്‌റ്റേറ്റ് ലയത്തിലെ താമസക്കാരനായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു ദേവരാജന്‍ (44) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് ശേഷം ഇളക്കിയെടുത്ത് കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ച സി സി ടി വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് നെടുങ്കണ്ടം പൊലീസ് പ്രതിയെ പിടികൂടിയത്.

ഈ മാസം 22 നാണ് കല്ലാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. ഓഫീസ് റൂമില്‍ നിന്നും ഒരു പവനോളം സ്വര്‍ണവും കവര്‍ന്നിരുന്നു. മോഷണത്തിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന സി സി ടി വി മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ എടുത്തുകൊണ്ടുപോയി കല്ലാര്‍ ഡാമില്‍ ഉപേക്ഷിച്ചത്. ഇവ കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.

'രാഹുലിൻ്റെ റിപ്പോർട്ട് കിട്ടിയാൽ നടപടി'; മുട്ട മയോണൈസ് നിരോധിച്ചതാണ്, വീഴ്ചയെങ്കിൽ ഹോട്ടലുകൾ പൂട്ടിക്കും: വീണ

ബിനു 26 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. 2022 ല്‍ പൊലീസ് ഇയാളുടെ പേരില്‍ കാപ്പാ ചുമത്തിയിരുന്നു. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രധാനമായും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. 2019 ല്‍ കട്ടപ്പന നരിയമ്പാറ ദേവീക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. പെരുവന്താനം സ്റ്റേഷന്‍ പരിധിയിലെ ഒരു മോഷണം നടത്തിയിട്ടുള്ളതായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.  പ്രതിയുടെ ചിത്രം നെടുങ്കണ്ടം പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കണ്ട ചിലര്‍ വണ്ടിപ്പെരിയാറില്‍ വച്ച് ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. വണ്ടിപ്പെരിയാര്‍ പൊലീസ് പിന്നീട് ഇയാളെ നെടുങ്കണ്ടം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കല്ലാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രതി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തന്നെ പൊലീസ് കുടുക്കിയതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു ബിനുവിന്റെ പ്രകടനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios