Asianet News MalayalamAsianet News Malayalam

മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി ഭർത്താവ്; യുവതിക്ക് 72 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്

വിവാഹ സമയം 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകുകയും ചെയ്തിരുന്നു. എന്നാൽ, അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ഓഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് ഹുമൈറ കോടതിയിൽ ബോധിപ്പിച്ചത്. 

talaq for getting married again Order to pay alimony of Rs 72 lakh to wife
Author
Alappuzha, First Published Dec 30, 2021, 7:21 PM IST

ആലപ്പുഴ: മറ്റൊരു വിവാഹം കഴിക്കാനായി ഭർത്താവ് (Husband) തലാക്ക് (Talaq) ചൊല്ലിയെന്നുള്ള ഹർജിയിൽ യുവതിക്ക് അനുകൂലമായി വിധി. തലാക്ക് ചൊല്ലപ്പെട്ട യുവതിക്ക് മുസ്ലിം യുവതികളുടെ അവകാശ സംരക്ഷണ നിയമ പ്രകാരം 72.90 ലക്ഷം രൂപ ജീവനാംശം നൽകാൻ വിധിച്ചു കൊണ്ടാണ് കോടതി ഉത്തരവായത്. മൊഴി ചൊല്ലപ്പെട്ട യുവതിയുടെ ഭാവി സംരക്ഷണത്തിനായി 72 ലക്ഷം രൂപയും മൂന്ന് മാസം ഇദ്ദ അനുഷ്ടിച്ചതിനുള്ള ജീവനാംശമായി 90,000 രൂപയും ഉൾപ്പെടെ 72.90 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി രജനി തങ്കപ്പൻ ഉത്തരവിട്ടത്.

യാതൊരു കാരണവുമില്ലാതെ ഭർത്താവ് തന്നെ തലാക്ക് ചൊല്ലിയെന്നും തന്റെ ഭാവി ക്ഷേമത്തിനും ഉപജീവനത്തിനുമായി ജീവനാംശം നൽകണമെന്നും കാണിച്ച് ആലപ്പുഴ എംഒ വാർഡിൽ അൽഅത്തീഖ് മൻസിലിൽ ഹുമൈറ നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ മുപ്പത്ത് വെളിയിൽ അൻസിൽ 72.90 ലക്ഷം രൂപ ജീവനാംശം നൽകണമെന്നാണ് കോടതി വിധി. ഇരുവരും തമ്മിലുള്ള വിവാഹം 2006 നവംബർ പത്തിനായിരുന്നു. 2008 മാർച്ചിൽ ഇവർക്ക് ഒരു കുട്ടിയും ജനിച്ചു.

വിവാഹ സമയം 101 പവൻ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നൽകുകയും ചെയ്തിരുന്നു. എന്നാൽ, അൻസിൽ മറ്റൊരു വിവാഹം കഴിക്കുന്നതിനായി 2018 ഓഗസ്റ്റ് 30ന് തന്റെ വിവാഹ ബന്ധം വേർപെടുത്തിയെന്നാണ് ഹുമൈറ കോടതിയിൽ ബോധിപ്പിച്ചത്. വിവാഹ സമയത്ത് നൽകിയ സ്വർണവും പണവും ലഭിക്കുന്നതിനായി മറ്റൊരു ഹര്‍ജി ആലപ്പുഴ കുടുംബകോടതിയിൽ നിലവിലുണ്ട്. ഹര്‍ജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ കെ നജീബ്, ആന്റണി ജോർജ്, എസ് ഷിഹാസ്, അമലാകൃഷ്ണൻ എന്നിവർ ഹാജരായി.

Follow Us:
Download App:
  • android
  • ios