തിരുവനന്തപുരം: നെയ്യാറ്റിൻകര - തമിഴ്നാട് കേരള അതിർത്തിയിൽ സിവിൽ സപ്ലൈസ് പരിശോധന. കളിയിക്കാവിള ഉൾപ്പടെ നാലോളം ഗോഡൗണുകൾ റൈഡ് ചെയ്ത് 1500 കിലോയോളം റേഷനരി പിടികൂടി. വിജിലൻസ് ഓഫീസർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ, ജില്ലാ സപ്ലൈ ഓഫിസർ ജലജ ജി എസ് റാണി, നെയ്യാറ്റിൻകര സപ്ലൈ ഓഫീസർ വി എം ജയകുമാർ, കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർ സി ആർ അജിത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഇരു സംസ്ഥാനങ്ങളിലും ഉള്ള റേഷൻ അരികൾ വൻ തോതിൽ തിരിമറി നടത്തി അതിർത്തി പ്രദേശങ്ങളിൽ ഉള്ള ഗോഡൗണുകളിൽ എത്തിച്ചു കളറും പൊളിഷും ചെയ്തും റേഷനരികൾ പാടെ മാറ്റം വരുത്തി പുതിയ ചാക്കുകളിൽ ലേബൽ ചെയ്ത് മലയോര ഗ്രാമീണ മേഖലകളിൽ  മൊത്ത കച്ചവട കേന്ദ്രങ്ങളിലേക്ക് അയച്ച് അരി മാഫിയ വൻ ലാഭമാണ് കൊയ്തിരുന്നത്.

 ഗ്രാമീണ മേഖലകളിലും തീരദേശ മേഖലകളിലും ഉള്ള സാധാരണക്കാരുടെ  റേഷൻ വിഹിതമാണ് ഇത്തരത്തില്‍ പലരുടെയും ഒത്താശയോടെ വർഷങ്ങളായി തട്ടിപ്പ് നടത്തി വരുന്നത്. പരാതികൾ കുമിഞ്ഞതോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് റേഷൻ തട്ടിപ്പു പുറത്തു വന്നത്.