ബസ്സില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ സമയത്തായിരുന്നു മോഷണം ശ്രമം.

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയില്‍. മഞ്ജുവാണ് വടകര പൊലീസിന്റെ പിടിയിലായത്. വടകര-പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ രാവിലെയോടെയായിരുന്നു സംഭവം. പതിയാരക്കര സ്വദേശി ചാത്തോത്ത് സുജാതയുടെ മൂന്ന് പവനിലധികം വരുന്ന സ്വര്‍ണ മാലയാണ് യുവതി പൊട്ടിക്കാന്‍ ശ്രമിച്ചത്.

ബസ്സില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ സമയത്തായിരുന്നു യുവതിയുടെ മോഷണ ശ്രമം. പാലയാട്ട് നടയില്‍ നിന്നാണ് സുജാത വടകരയിലേക്ക് ബസ് കയറിയത്. ഇവര്‍ക്ക് പിന്നിലായാണ് മഞ്ജു നിന്നിരുന്നത്. എന്നാല്‍ മാല മോഷ്ടിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കാണുകയും തുടര്‍ന്ന് ബഹളമുണ്ടാക്കുകയും ചെയ്തതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ മാലയുടെ കൊളുത്ത് അഴിഞ്ഞ് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പിന്നീട് മഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു.