ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെ രാമക്കല്ലില്‍ കയറി മധ്യവയസ്‌ക്കന്‍ താഴേക്ക് ചാടിയതായി സൂചന. കൂട്ടാര്‍ സ്വദേശിയായ രാജശേഖരന്‍പിള്ള (62)ആണ് തമിഴ്‌നാട് വനത്തിലെ കൊക്കയിലേക്ക് ചാടിയതായി പറയപ്പെടുന്നത്. 

എന്നാല്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് 5മണിക്ക് ശേഷമായിരുന്നു ഇയാള്‍ ചാടിയതായി പ്രചരിച്ചത്. ഇയാളുടെ അയല്‍വാസിയായ പൊലീസുകാരനോട് വിളിച്ചു പറഞ്ഞിട്ട് ചാടിയതായാണ് വിവരം. 

ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. കവടിയാര്‍ രാജധാനി ഹോട്ടല്‍ മാനേജരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിങ്കളാള്ച രാവിലെ തിരുവനന്തപുരത്തുനിന്ന് സ്‌കൂട്ടറില്‍ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് രാമക്കല്‍മേട്ടിലെത്തിയ വിനോദ സഞ്ചാരികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് പലരും സംഭവമറിഞ്ഞത്. 

ഇരുട്ടായതിനാല്‍ തെരച്ചില്‍ നടത്താനാവില്ല. ഇയാള്‍ ചാടി എന്നു പറയുന്നത് തമിഴ്‌നാട് കോംമ്പെ പൊലീസ് പരിധിയിലാണ്. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ നിന്നും പൊലീസെത്തി തെരച്ചില്‍ നടത്തിയാല്‍ മാത്രമേ വ്യക്തമായ വിവരങ്ങള്‍ ലഭിക്കു.