ഹരിപ്പാട്: തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം മാഞ്ഞിലി മുട്ടിൽ വിനോദ്( 48), ആലപ്പുഴ ആലിശ്ശേരി കോളനിയിൽ ജാസ്മിൻ (45) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്‌ച രാവിലെ ആണ് തമിഴ്‌നാട് സ്വദേശി മുരുകനെ( 50 ) ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ഇന്നലെയാണ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതം ആണ്. എങ്കിലും വിനോദിനും ജാസ്മിനും എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരിക്കുകയാണന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. 

പ്രതികളുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് മുരുകന് ഹൃദയാഘാതം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.